ഗാംഗുലി ബിസിസിഐ തലപ്പത്തേക്കില്ല; മിഥുന് മന്ഹാസിന് സാധ്യത
Sunday, September 21, 2025 1:35 PM IST
മുംബൈ: ഡല്‍ഹി മുന്‍ ക്രിക്കറ്റ് താരം മിഥുന് മന്‍ഹാസ് ബിസിസിഐ അധ്യക്ഷനായേക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വീട്ടില്‍ ശനിയാഴ്ച രാത്രി ചേര്‍ന്ന ബിസിസിഐ ഭാരവാഹികളുടെ അനൗദ്യോഗിക യോഗത്തില്‍ ആണ് തീരുമാനമെന്നാണ് സൂചന. ഈ മാസം 28നാണ് ബിസിസിഐയിലെ വിവിധ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്.
പ്രസിഡന്റ്, ട്രഷറര്‍, ഐപിഎല്‍ ചെയര്മാന് അടക്കമുള്ള സ്ഥാനങ്ങളിലേക്കാണ് മത്സരം. റോജര്‍ ബിന്നിയുടെ അധ്യക്ഷ പദവി കാലാവധി കഴിഞ്ഞതിനു ശേഷം പുതിയ പ്രസിഡന്റിനെ ഇതുവരെ തെരഞ്ഞെടുത്തിട്ടില്ല. നിലവില്‍ രാജീവ് ശുക്ലയാണ് താത്കാലിക അധ്യക്ഷൻ.
നേരത്തെ, സൗരവ് ഗാംഗുലി ഒരിക്കല്‍ കൂടി ബിസിസിഐ തലപ്പത്തേക്ക് വരുമെന്ന വാര്‍ത്തകളുണ്ടായിരുന്നു. ഗാംഗുലിക്ക് പുറമേ ഹര്ഭജന് സിംഗ്, കിരണ്‍ മോറെ തുടങ്ങിയവരുടെ പേരുകളും പരിഗണനയിലുണ്ടായിരുന്നു.
ഐപിഎല്ലില്‍ വിവിധ ടീമുകളുടെ താരമായിരുന്ന, ജമ്മു കാഷ്മീരിൽ നിന്നുള്ള മിഥുന് മന്‍ഹാസ്, ഗുജറാത്ത് ടീമിന്റെ സഹപരിശീലകനായിരുന്നു.
അതേസമയം, ബിസിസിഐ സെക്രട്ടറിയായി ആസാം സ്വദേശി ദേവജിത് സയ്കിയ തുടരും. പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ രാജീവ് ശുക്ല വൈസ് പ്രസിഡന്റായി തുടരും. പ്രഭ്തേജ് ഭാട്ടിയ ജോയിന്റ് സെക്രട്ടറി സ്ഥാനവും നിലനിർത്തിയേക്കും. കര്‍ണാടകയില്‍ നിന്നുള്ള ഇന്ത്യന്‍ മുന്‍ താരം രഘുറാം ഭട്ട് ആണ് പുതിയ ട്രഷറര്‍. അരുണ്‍ ധുമാല്‍ ഐപിഎല്‍ ചെയര്മാന് സ്ഥാനം നിലനിര്‍ത്തുമെന്നുമാണ് റിപ്പോർട്ട്.