മണിപൂരിൽ ആസാം റൈഫിൾസിന്റെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണം; രണ്ടുപേർ കസ്റ്റഡിയിൽ
Sunday, September 21, 2025 8:13 AM IST
ഇംഫാൽ: മണിപ്പൂരിൽ ആസാം റൈഫിൾസിന്റെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ. ആക്രമണത്തിന് ഉപയോഗിച്ച വാഹനം ഇംഫാലിലെ മുതും യാംഗ്ബിയിൽ നിന്നും കണ്ടെത്തി.
ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെടുകയും അഞ്ച്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നായിബ് സുബേദാർ ശ്യാം ഗുരുംഗ്, റൈഫിൾമാൻ രഞ്ജിത് സിംഗ് കശ്യപ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ സൈനികരെ ഇംഫാലിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (റിംസ്) പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് പാറ്റ്സോയ് കമ്പനി ഓപ്പറേറ്റിംഗ് ബേസിൽ നിന്ന് നമ്പോൾ ബേസിലേക്ക് പോകുകയായിരുന്ന ആസാം റൈഫിൾസ് സൈനികർ സഞ്ചരിച്ച വാഹനത്തിന് നേരെ വെടിവയ്പ്പുണ്ടായത്.
സംഭവത്തിന് പിന്നാലെ മണിപ്പൂരിലെ പ്രശ്നബാധിത മേഖലകളിൽ സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഗവർണർ അജയ് കുമാർ ഭല്ലയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.