തദ്ദേശ തെരഞ്ഞെടുപ്പ് ; ചിഹ്നം അനുവദിച്ച് കരട് വിജ്ഞാപനമിറക്കി
Saturday, September 20, 2025 10:44 PM IST
തിരുവനന്തപുരം: തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ കരട് വിജ്ഞാപനമിറക്കി. ഇതുസംബന്ധിച്ച ആക്ഷേപം 15 ദിവസത്തിനകം കമ്മീഷൻ സെക്രട്ടറിക്ക് രേഖാമൂലം സമർപ്പിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു.
ഒന്നാം പട്ടികയിൽ ദേശീയപാർട്ടികളായ ആം ആദ്മി പാർട്ടി (ചൂല്), ബിഎസ്പി (ആന), ബിജെപി (താമര), സിപിഎം (ചുറ്റികയും അരിവാളും നക്ഷത്രവും), ഇന്ത്യൻ നാഷനൽ കോണ്‍ഗ്രസ് (കൈ), നാഷനൽ പീപ്പിൾസ് പാർട്ടി (ബുക്ക്) എന്നിവയാണ് അനുവദിച്ചത്.
രണ്ടാം പട്ടികയിൽ സംസ്ഥാന പാർട്ടികളായ സിപിഐ (ധാന്യക്കതിരും അരിവാളും), ജനതാദൾ-സെക്യുലർ (തലയിൽ നെൽക്കതിരേന്തിയ കർഷക സ്ത്രീ), മുസ്ലീം ലീഗ് (ഏണി), കേരള കോണ്‍ഗ്രസ്-എം (രണ്ടില), കേരള കോണ്‍ഗ്രസ് (ഓട്ടോറിക്ഷ), ആർഎസ്പി (മണ്‍വെട്ടിയും മണ്‍കോരിയും) എന്നീ ചിഹ്നങ്ങളും അനുവദിച്ചു.
മൂന്നാം പട്ടികയിൽ മറ്റു സംസ്ഥാനങ്ങളിലെ അംഗീകൃത പാർട്ടികളും കേരള അസംബ്ലിയിലോ സംസ്ഥാനത്തെ ഏതെങ്കിലും തദ്ദേശ സ്ഥാപനത്തിലോ അംഗങ്ങളുള്ളതും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ 28 രാഷ്ട്രീയ പാർട്ടികൾക്കും ചിഹ്നം അനുവദിച്ചു.
ചിഹ്നം അനുവദിച്ചിട്ടില്ലാത്ത രാഷ്ട്രീയ പാർട്ടികൾക്ക് ആവശ്യമെങ്കിൽ അപേക്ഷിക്കുന്ന മുറയ്ക്ക് സ്വതന്ത്ര ചിഹ്നം അനുവദിക്കും.