ആഗോള അയ്യപ്പ സംഗമം സമാപിച്ചു; നിർദേശങ്ങൾ നടപ്പാക്കാൻ 18 അംഗ കമ്മിറ്റി
Saturday, September 20, 2025 6:07 PM IST
പത്തനംതിട്ട: ശബരിമല വികസനത്തിന് 18 അംഗ സമിതി പ്രഖ്യാപിച്ച് ആഗോള അയ്യപ്പ സംഗമത്തിന് സമാപനം. സംഗമം കൊണ്ട് എന്താണോ ലക്ഷ്യം വച്ചത് അത് അർഥപൂർണമാകുന്ന അവസ്ഥയിൽ എത്തിച്ചേർന്നുവെന്ന് മന്ത്രി വി.എൻ.വാസവൻ സമാപന സമ്മേളനത്തിൽ പറഞ്ഞു.
എന്നാൽ രജിസ്റ്റർ ചെയ്തത പ്രതിനിധികളുടെ പകുതി പോലും എത്തിയില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. ഓൺലൈൻ വഴി 4245 പേർ രജിസ്റ്റർ ചെയ്ത പരിപാടിയിൽ ആയിരം പേർ പോലും എത്തിയില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
എന്നാൽ രണ്ടായിരത്തോളം പേർ പങ്കെടുത്തുവെന്ന് ദേവസ്വം ബോർഡ് അവകാശപ്പെട്ടു. മാസ്റ്റർപ്ലാൻ സംബന്ധിച്ച് നടന്ന ചർച്ചാ വേദിയിൽ 652 പേർ പങ്കെടുത്തു. ക്രൗഡ് മാനേജ്മെന്റുമായി ബന്ധപ്പെട്ട ചർച്ചയിൽ 250ലധികം ആളുകൾ പങ്കെടുത്തു.
മൂന്നാമത്തെ സെഷനിൽ 300ലേറെ പേർ പങ്കെടുത്തുവെന്നും മന്ത്രി പറഞ്ഞു. അന്തിമ കണക്കുകൾ ദേവസ്വം ബോർഡ് പ്രസിദ്ധീകരിച്ചിട്ടില്ല.