താമരശേരിയില്‍ കാറിലെത്തിയ സംഘം യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു
Saturday, September 20, 2025 9:19 AM IST
കോഴിക്കോട്: താമരശേരിയില്‍ കാറിലെത്തിയ സംഘം യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. താമരശേരി അമ്പായത്തോട് സ്വദേശി അറമുക്ക് മുഹമ്മദ് ജിനീഷിനാണ് കുത്തേറ്റത്.
ഇയാളുടെ കാറും സംഘം തകര്‍ത്തിട്ടുണ്ട്. താഴെ പരപ്പന്‍പൊയിലില്‍ വച്ചാണ് ആക്രമണമുണ്ടായത്. കോഴിക്കോട് ഭാഗത്തുനിന്ന് കാറിലെത്തിയ സംഘമാണ് ജിനീഷിനെ ആക്രമിച്ചത്.
മുഹമ്മദ് ജിനീഷിന്റെ ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ശരീരമാസകലം കുത്തേറ്റ നിലയിലാണ്.
മുഹമ്മദ് ജിനീഷ് മയക്കുമരുന്ന് വിതരണ സംഘവുമായി ബന്ധമുള്ളയാളും തട്ടിക്കൊണ്ടു പോകല്‍, സാമ്പത്തിക തട്ടിപ്പ് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയുമാണെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ കൈയിലും കത്തിയുണ്ടായിരുന്നു. പോലീസ് ഇത് കണ്ടെടുത്തിട്ടുണ്ട്.
അക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.