പെൻഷൻ വിഹിതമായ 2.18 കോടി അടച്ചില്ല, കണ്ടിൻജന്റ് ജീവനക്കാരെ വഞ്ചിച്ച് തൃശൂർ കോർപറേഷൻ
Saturday, September 20, 2025 6:47 AM IST
തൃശൂർ: കണ്ടിൻജന്റ് ജീവനക്കാരുടെ പെൻഷൻ വിഹിതം പെൻഷൻ അക്കൗണ്ടിലേക്ക് അടയ്ക്കാതെ തനത് ഫണ്ടിൽ നിലനിർത്തി തൃശൂർ കോർപറേഷൻ ജീവനക്കാരെ വഞ്ചിച്ചതായി റിപ്പോർട്ട്. കോർപറേഷനിലെ 135 കണ്ടിൻജന്റ് ജീവനക്കാരുടെ പെൻഷൻ വിഹിതമായ 2.18 കോടിയാണ് പെൻഷൻ അക്കൗണ്ടിലേക്ക് അടയ്ക്കാതെ തനത് ഫണ്ടിൽ നിലനിർത്തിയത്. ഇതുമൂലം ഇവർക്കാർക്കും വിരമിച്ച ആനുകൂല്യങ്ങളോ പെൻഷനോ കിട്ടില്ല.
ഇവരിൽനിന്ന് നിയമപ്രകാരമുള്ള പെൻഷൻ വിഹിതം കോർപറേഷൻ പിരിച്ചെടുത്തിരുന്നു. ഈ തുക അവരുടെ പെൻഷൻ അക്കൗണ്ട് നമ്പർ കിട്ടും വരെ കോർപറേഷന്റെ തനത് ഫണ്ടിൽ സൂക്ഷിക്കാൻ വ്യവസ്ഥയുണ്ട്. എന്നാൽ പരമാവധി രണ്ടു മാസത്തിനുള്ളിൽ അതത് പെൻഷൻ അക്കൗണ്ടിലേക്ക് മാറ്റണം. ഇത് മാറ്റാതെയാണ് 2.18 കോടി കോർപറേഷൻ തനത് ഫണ്ടിൽ പിടിച്ചുവച്ചത്.
ഇത്രയും വലിയ തുക രണ്ടുമുതൽ അഞ്ചുവർഷം വരെ നിലനിർത്തിയാണ് അനാസ്ഥ കാണിച്ചത്. ഇക്കാര്യം ജീവനക്കാരറിഞ്ഞിട്ടില്ല. ഇതിന് കോർപറേഷനെ പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ശിക്ഷിക്കണമെന്നും അക്കൗണ്ട്സ് ജനറൽ (ഓഡിറ്റ്) നൽകിയ പരിശോധനാ റിപ്പോർട്ടിൽ പറയുന്നു. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ നിയമപ്രകാരം 2023-24 സാമ്പത്തിക വർഷത്തെ കണക്കുകളാണ് പരിശോധിച്ചത്.