ആഗോള അയ്യപ്പ സംഗമം ഇന്ന്; മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും
Saturday, September 20, 2025 3:23 AM IST
പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ പന്പാതീരത്ത് നടത്തുന്ന ആഗോള അയ്യപ്പ സംഗമം ഇന്ന് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ശബരിമലയുടെ വികസനത്തിന് ആഗോള തലത്തിലെ നിർദേശം സ്വീകരികുന്നതിനായിട്ടാണ് സംഗമം നടത്തുന്നതെന്ന് ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു.
സംഗമം ഉദ്ഘാടനം ചെയ്യാനായി വെള്ളിയാഴ്ച രാത്രി തന്നെ മുഖ്യമന്ത്രി പമ്പയിൽ എത്തിയിരുന്നു. ഉച്ചയ്ക്ക് 12 വരെ ഉദ്ഘാടന ചടങ്ങ് നീളും. ഇതിനുശേഷമാണ് അയ്യപ്പ സംഗമത്തിന്റെ ഭാഗമായുള്ള സെഷനുകൾ നടക്കുക. ഉദ്ഘാടന ചടങ്ങിൽ മാത്രമാണ് മുഖ്യമന്ത്രി പങ്കെടുക്കുക.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രിമാരടക്കം ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. പാസുള്ളവർക്കുമാത്രമാണ് സംഗമത്തിലേക്ക് പ്രവേശനം. 3500 പ്രതിനിധികൾ സംഗമത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് നേരത്തെ മന്ത്രി വി.എൻ. വാസവൻ പറഞ്ഞിരുന്നു. രാവിലെ ആറുമുതൽ രജിസ്ട്രേഷൻ നടക്കും.
കോൺഗ്രസും ബിജെപിയും പരിപാടി ബഹിഷ്കരിക്കും. എഡിജിപി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ 1000 പോലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. പ്രധാനവേദിയിൽ, ശബരിമല വികസനത്തിനുള്ള മാസ്റ്റർപ്ലാൻ അധിഷ്ഠിതമായ ചർച്ചയും നടക്കും.
ഹിൽടോപ്പിന്റെ താഴ്വാരത്തെ വേദിയിൽ ആധ്യാത്മിക ടൂറിസത്തെക്കുറിച്ചും പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തിൽ തിരക്കുനിയന്ത്രണത്തെക്കുറിച്ചും ചർച്ചനടക്കും.