എസ്റ്റോണിയന്‍ വ്യോമാതിര്‍ത്തി കടന്ന് റഷ്യ; പറന്നത് മൂന്ന് മിഗ് 31 യുദ്ധവിമാനങ്ങൾ
Saturday, September 20, 2025 1:42 AM IST
മോസ്കോ: റഷ്യന്‍ യുദ്ധവിമാനങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതായി എസ്റ്റോണിയന്‍ സര്‍ക്കാര്‍. ഏകദേശം 12 മിനിറ്റോളം റഷ്യൻ വിമാനങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ തുടര്‍ന്നതായാണ് എസ്റ്റോണിയന്‍ സർക്കാർ പറയുന്നത്.
റഷ്യയുടെ മൂന്ന് മിഗ് 31 യുദ്ധവിമാനങ്ങളാണ് മുന്‍കൂര്‍ അനുമതിയില്ലാതെ എസ്റ്റോണിയന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചത്. റഷ്യയുടെ നടപടിയിൽ പ്രതിഷേധം അറിയിച്ച് റഷ്യന്‍ സ്ഥാനപതിക്ക് എസ്റ്റോണിയന്‍ സർക്കാർ കുറിപ്പ് നൽകിയിട്ടുണ്ടെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അടുത്തിടെ പോളണ്ട്, റൊമാനിയ എന്നീ രാജ്യങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ റഷ്യന്‍ ഡ്രോണുകളുടെ കടന്നുകയറ്റമുണ്ടായിരുന്നു. റഷ്യന്‍ ഡ്രോണുകള്‍ വെടിവച്ചിട്ടതായി പോളണ്ട് സ്ഥിരീകരിച്ചിരുന്നു.