ഓണ്‍ലൈന്‍ ട്രേഡിംഗിൽ കോടികൾ തട്ടിയ കേസ്; അക്കൗണ്ട് വാടകയ്ക്ക് നൽകിയ യുവാവ് അറസ്റ്റിൽ
Saturday, September 20, 2025 1:12 AM IST
കോട്ടയം: ഓണ്‍ലൈന്‍ ട്രേഡിംഗിന്റെ പേരില്‍ കോടികൾ തട്ടിയ കേസിൽ അക്കൗണ്ട് വാടകയ്ക്ക് നൽകിയ യുവാവ് അറസ്റ്റിൽ. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിയായ കെ.പി. ഗോബിഷ് (36) ആണ് അറസ്റ്റിലായത്. ചങ്ങനാശേരി തുരുത്തി സ്വദേശിയുടെ പക്കല്‍നിന്ന് 1.6 കോടി തട്ടിയെടുത്ത കേസിൽ നടന്ന അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
തുരുത്തി സ്വദേശിയില്‍നിന്ന് തട്ടിയെടുത്ത പണം വിവിധ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേരിലുള്ള അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. വിശദമായ അന്വേഷണത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടുവണ്ണൂര്‍ ശാഖയിലെ അക്കൗണ്ടിലേക്ക് വൻ തുക ട്രാന്‍സ്ഫര്‍ ചെയ്തതായും കണ്ടെത്തി.
ഈ അക്കൗണ്ടിന്റെ ഉടമ നടുവണ്ണൂര്‍ സ്വദേശിയായ ഗോബിഷാണെന്ന് മനസിലാക്കി ഇയാളെ അറസ്റ്റു ചെയ്തു. ചോദ്യം ചെയ്യലില്‍ ഒരു ലക്ഷം രൂപയ്ക്ക് 1000 രൂപ കമ്മീഷന് നിരക്കില്‍ അക്കൗണ്ട് വാടകയ്ക്ക് നല്‍കിയതാണെന്നും അക്കൗണ്ടില്‍ പണം വന്നാല്‍ ഉടന്‍ വിവരം തട്ടിപ്പുകാരെ അറിയിക്കുകയും പണം അവര്‍ക്ക് കൈമാറുകയും ചെയ്യുകയായിരുന്നു രീതിയെന്നും അറസ്റ്റിലായ പ്രതി പറഞ്ഞു. തട്ടിപ്പില്‍ പങ്കാളികളായുള്ളവർക്കായി അന്വേഷണം പുരോഗമിക്കുകയാണ്.
വന്‍തുക നിക്ഷേപിച്ചിട്ടും പണം തിരികെ ലഭിക്കാത്തതിനെത്തുടര്‍ന്നാണ് തുരുത്തി സ്വദേശി പോലീസിനെ സമീപിച്ചത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ മേയ് വരെയുളള കാലയളവില്‍ ഫിന്‍ബ്രിഡ്ജ് കാപിറ്റല്‍ എന്ന കമ്പനിയുടെ പേരില്‍ എഐ ഓണ്‍ലൈന്‍ ട്രേഡിംഗ് മുഖേന പണം നിക്ഷേപിച്ചാല്‍ അമിത ലാഭം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.