കെ.എം. ഷാജഹാന്റെ യൂട്യൂബ് ചാനലിനെതിരെ ഡിജിപിക്ക് പരാതി നൽകി പി.വി. ശ്രീനിജൻ എംഎൽഎ
Friday, September 19, 2025 11:54 PM IST
കൊച്ചി: കെഎം ഷാജഹാന്റെ യൂട്യൂബ് ചാനലിനെതിരെ ഡിജിപിക്ക് പരാതി നൽകി പി.വി. ശ്രീനിജൻ എംഎൽഎ . പ്രതിപക്ഷം എന്ന പേരിലുള്ള യൂട്യൂബ് ചാനലിനെതിരെയാണ് ശ്രീനിജൻ പരാതി നൽകിയത്.
ലൈംഗിക ആരോപണത്തിൽ തന്നെയും പുകമറയിൽ നിര്‍ത്തുന്നുവെന്നാണ് പരാതി. സംസ്ഥാന പോലീസ് മേധാവിക്കാണ് എംഎൽഎ വിശദമായ പരാതി നൽകിയത്. ലൈംഗിക ആരോപണത്തിൽ എറണാകുളം ജില്ലയിലെ സിപിഎം എംഎൽഎ എന്ന് യൂട്യൂബ് ചാനലിൽ പറഞ്ഞതിൽ അപകീര്‍ത്തി ആരോപിച്ചാണ് ശ്രീനിജൻ എംഎൽഎ പരാതി നൽകിയത്.
അതേസമയം, അപവാദ സൈബർ പ്രചാരണത്തിൽ എറണാകുളത്തെ സിപിഎം നേതാവ് കെജെ ഷൈനിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. കെഎം ഷാജഹാനെയും പ്രാദേശിക കോൺഗ്രസ് നേതാവിനെയും പ്രതി ചേർത്താണ് എഫ്ഐആർ. അപവാദ പ്രചാരണം പ്രതിപക്ഷ നേതാവിന്റെ അറിവോടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു.