ആഗോള അയ്യപ്പ സംഗമം: ബഹിഷ്കരിക്കുന്ന പ്രതിപക്ഷം ഒറ്റപ്പെടുമെന്ന് മന്ത്രി വി.എൻ. വാസവൻ
Friday, September 19, 2025 7:24 PM IST
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം ചരിത്രമാകുമെന്നും സംഗമം ബഹിഷ്കരിക്കുന്ന പ്രതിപക്ഷം ജനങ്ങളിൽ നിന്നും ഒറ്റപ്പെടുമെന്നും ദേവസ്വം മന്ത്രി വി.എൻ. വാസവൻ. ബഹിഷ്കരണം മൂലം പ്രതിപക്ഷത്തിന് മാത്രമായിരിക്കും നഷ്ടമെന്നും മന്ത്രി പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പ്രതിനിധികൾ ഇല്ലാത്തത് പ്രശ്നമല്ലെന്നും സ്ഥിരമായി വരുന്ന തീർഥാടകരെയാണ് സംഗമത്തിലേക്ക് ക്ഷണിച്ചതെന്നും മന്ത്രി വ്യക്തമാക്കി. അയ്യപ്പസംഗമം നിക്ഷേപത്തിനുള്ളതല്ലെന്നും അഭിപ്രായ രൂപീകരണമാണ് നടത്തുകയെന്നും മന്ത്രി വാസവൻ വ്യക്തമാക്കി.
ശനിയാഴ്ചയാണ് ആഗോള അയ്യപ്പ സംഗമം. ഇതിനായുള്ള ഒരുക്കങ്ങൾ പമ്പയിൽ പൂർത്തിയായി. 3000ത്തിലധികം പ്രതിനിധികൾ അയ്യപ്പസംഗമത്തിൽ പങ്കെടുക്കും. രാവിലെ 9.30ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
മൂന്ന് സെഷനുകളായാണ് ചർച്ചകൾ സംഘടിപ്പിക്കുക. ആഗോള അയ്യപ്പ സംഗമത്തിൽ വിവിഐപികൾ അടക്കം 3000ത്തിലധികം പ്രതിനിധികൾ പങ്കെടുക്കും. ശബരിമല മാസ്റ്റർ പ്ലാൻ ഉൾപ്പെടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ സ്പോൺസർമാരുടെ സഹായം തേടുമെന്ന് ദേവസ്വം മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മാസ്റ്റർ പ്ലാൻ, തീർഥാടക ടൂറിസം, തിരക്ക് നിയന്ത്രണത്തിനുള്ള മാർഗങ്ങൾ എന്നിവയിൽ ആണ് പ്രധാന ചർച്ച.