പാഠ്യപദ്ധതിയിൽ സ്ത്രീകൾ എഴുതിയ പുസ്തകങ്ങൾ നിരോധിച്ച് താലിബാൻ
Friday, September 19, 2025 5:17 PM IST
കാബുൾ: അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾ എഴുതിയ പുസ്തകങ്ങൾ പാഠ്യപദ്ധതിയിൽ നിന്ന് നിരോധിച്ച് താലിബാൻ ഭരണകൂടം. ശരിഅത്ത് നിയമങ്ങൾക്കും താലിബാൻ നയങ്ങൾക്കും എതിരാണെന്ന് കണ്ടെത്തി 680 പുസ്തകങ്ങളാണ് സർവകലാശാല പാഠ്യപദ്ധതിയിൽ നിന്ന് നിരോധിച്ചത്.
ഇതിൽ 140 പുസ്തകങ്ങളും സ്ത്രീകൾ എഴുതിയതാണ്. മനുഷ്യാവകാശങ്ങളെയും ലൈംഗികചൂഷണത്തെയും കുറിച്ച് പഠിപ്പിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ആകെ 18 വിഷയങ്ങളാണ് ശരിഅത്ത് നിയമങ്ങൾക്കെതിരാണെന്ന് ആരോപിച്ച് നിരോധിച്ചിട്ടുള്ളത്.
ജെൻഡർ ആന്റ് ഡെവലപ്മെന്റ്, ആശയവിനിമയത്തിൽ സ്ത്രീകളുടെ പങ്ക്, സ്ത്രീകളുടെ സാമൂഹികശാസ്ത്രം തുടങ്ങി സ്ത്രീകളുമായി ബന്ധപ്പെട്ട ആറ് വിഷയങ്ങൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
മതപണ്ഡിതരും വിദഗ്ധരും ഉൾപ്പെടുന്ന സമിതിയാണ് പാഠ്യപദ്ധതി സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊണ്ടതെന്ന് താലിബാന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.