ആഗോള അയ്യപ്പ സംഗമം; യാത്രാ ചെലവിന് ക്ഷേത്ര ഫണ്ട് ഉപയോഗിക്കാമെന്ന മലബാർ ദേവസ്വം ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി
Friday, September 19, 2025 4:12 PM IST
കൊച്ചി: ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നതിനുള്ള യാത്രാ ചെലവിന് ക്ഷേത്ര ഫണ്ട് ഉപയോഗിക്കാമെന്ന മലബാർ ദേവസ്വം ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. മലബാർ ദേവസ്വത്തിന് കീഴിലെ ജീവനക്കാർക്കായിരുന്നു ക്ഷേത്രം ഫണ്ട് ഉപയോഗിക്കാം എന്ന നിർദേശം ഉണ്ടായിരുന്നത്.
യാത്രാ ചെലവുകൾക്ക് അതത് ക്ഷേത്രഫണ്ടിൽ നിന്ന് പണം നൽകാനായിരുന്നു നിർദേശം. മലബാർ ദേവസ്വം കമ്മീഷണറുടെ ഈ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
ക്ഷേത്ര ഫണ്ടിൽ നിന്ന് പണം എന്തിന് നൽകണമെന്ന് കോടതി ചോദിച്ചു. എന്തിനാണ് ഇത്തരമൊരു ഉത്തരവിറക്കിയതെന്നും മലബാർ ദേവസ്വം ബോർഡിനോട് കോടതി ചോദിച്ചു. ഹർജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും. ശനിയാഴ്ച ആഗോള അയ്യപ്പ സംഗമം നടക്കാനിരിക്കെയാണ് കോടതിയുടെ ഇടപെടല്‍ വന്നിരിക്കുന്നത്.