തുറന്നുകിടന്ന വീടിനുള്ളില്‍നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച യുവാവും സുഹൃത്തും അറസ്റ്റില്‍
Friday, September 19, 2025 5:09 AM IST
തിരുവല്ലം: തുറന്നുകിടന്ന വീടിനുള്ളില്‍നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച യുവാവും സുഹൃത്തും അറസ്റ്റില്‍. പത്തനംതിട്ട വെളളപ്പാറ വട്ടക്കാവ് സ്വദേശി അനൂപ് (44), സുഹൃത്ത് കരമന നെടുങ്കാട് സ്വദേശി ബിജു എന്ന ഉണ്ണി (36) എന്നിവരാണ് അറസ്റ്റിലായത്.
മുട്ടയ്ക്കാട് സ്വദേശി സന്തോഷിന്റെ ഫോണാണ് കവർന്നത്. സന്തോഷ് ഉച്ചയ്ക്ക് ഉറങ്ങാന്‍ കിടന്നപ്പോള്‍ വീടിന്റെ മുന്‍വാതില്‍ അടയ്ക്കാന്‍ മറന്നുപോയിരുന്നു. ഈ സമയം അതുവഴികടന്നുപോയ അനൂപ് വീടിനുള്ളില്‍ കയറി മേശപ്പുറത്തിരുന്ന മൊബൈല്‍ ഫോണുമായി കടന്നുകളയുകയായിരുന്നു.
മോഷ്ടിച്ച ഫോണ്‍ സുഹൃത്തായ ഉണ്ണിയുടെ പക്കല്‍ വില്‍ക്കാനായി ഏല്‍പ്പിക്കുകയും ചെയ്തു. വൈകിട്ട് സന്തോഷ് ഉണര്‍ന്നപ്പോഴാണ് ഫോണ്‍ കാണാനില്ലെന്ന് മനസിലാക്കിയത്. തിരുവല്ലം പോലീസില്‍ നല്കിയ പരാതിയെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അനൂപും ഉണ്ണിയും പിടിയിലാകുന്നത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.