പെരുംതേനീച്ചയുടെ ആക്രമണം; രക്ഷപെടാൻ ബൈക്ക് യാത്രികൻ കിണറ്റിൽ ചാടി
Thursday, September 18, 2025 9:53 PM IST
കോഴിക്കോട്: പെരുംതേനീച്ചയുടെ ആക്രമണത്തിൽ നിന്നും രക്ഷപെടാൻ ബൈക്ക് യാത്രികൻ കിണറ്റിൽ ചാടി. മാമ്പറ്റ ചേരികലോട് ആണ് സംഭവം.
ചാത്തമംഗലം വേങ്ങേരി മഠം പടിഞ്ഞാറേ തൊടികയിൽ ഷാജുവാണ് കിണറിലേക്ക് എടുത്തു ചാടിയത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. ബൈക്കിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഇയാളെ പെരുംതേനീച്ച ആക്രമിക്കുകയായിരുന്നു.
കുത്തേറ്റ ഉടനെ ഷാജു രക്ഷപ്പെടാനായി തൊട്ടടുത്ത വീട്ടിലെ കിണറ്റിലേക്ക് എടുത്തു ചാടുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം മുക്കം അഗ്നി രക്ഷാ സേനയെ അറിയിച്ചു.
മുക്കത്തു നിന്നു ഫയർ സ്റ്റേഷൻ ഓഫീസർ എം.എ. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലുള്ള അഗ്നി രക്ഷാ സേന സ്ഥലത്തെത്തി ഷാജുവിനെ റെസ്ക്യു നെറ്റ് ഉപയോഗിച്ചു രക്ഷപ്പെടുത്തി.