സ്ത്രീവിരുദ്ധതയുടെ ജീർണിച്ച രാഷ്ട്രീയത്തെ പരാജയപ്പെടുത്തുക തന്നെ ചെയ്യും: കെ.ജെ.ഷൈൻ ടീച്ചർ
Thursday, September 18, 2025 3:52 PM IST
കൊച്ചി: സ്ത്രീവിരുദ്ധതയുടെ ജീർണിച്ച രാഷ്ട്രീയത്തെ കേരള സമൂഹം പരാജയപ്പെടുത്തുക തന്നെ ചെയ്യുമെന്ന് പറവൂർ നഗരസഭ കൗൺസിലറും എൽഡിഎഫ് ലോക്സഭ സ്ഥാനാർത്ഥിയുമായിരുന്ന കെ.ജെ. ഷൈൻ ടീച്ചർ.
സിപിഎം വനിത നേതാവിന്റെ വീട്ടിൽ കയറിയ എംഎൽഎയെ ഭർത്താവും നാട്ടുകാരും ചേർന്ന് പിടികൂടിയെന്ന തലക്കെട്ടോടെ പ്രമുഖ മലയാളം ദിനപത്രത്തിൽ വന്ന വാർത്തയ്ക്ക് പിന്നാലെയാണ് ഷൈൻ ടീച്ചർ വിമർശനവുമായി രംഗത്തെത്തിയത്.
പ്രമുഖ ദിനപത്രത്തിലെ വാർത്തയ്ക്ക് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന അപവാദങ്ങള്‍ മാനസികമായും സാമൂഹ്യമായും ഒരു വ്യക്തിയെ മാത്രമല്ല വേദനിപ്പിക്കുന്നത്, കൂടെയുള്ള ജീവിത പങ്കാളിയെയും മക്കളെയും ബന്ധുക്കളെയും സ്നേഹിതരെയും സഹപ്രവര്‍ത്തകരെയും ബാധിക്കുമെന്നും ഷൈൻ ടീച്ചർ ഫേസ്ബുക്കിൽ കുറിച്ചു.
ജീർണതയുടെ, ഭീരുത്വത്തിന്റെ രാഷ്ട്രീയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് വ്യക്തമാക്കുന്ന കുറിപ്പിൽ പൊതുപ്രവർത്തനത്തിനിറങ്ങുന്ന സ്ത്രീകൾക്കെതിരായി മ്ലേച്ഛമായ കുപ്രചാരണം നടത്തുന്നവർ എത്ര വികൃത മനസ്കരാണെന്നും ചോദിക്കുന്നു.
തന്റെ പേരും ചിത്രവും വെച്ച് അപമാനിക്കാന്‍ ശ്രമിച്ച വലതുപക്ഷ സാമൂഹ്യ മാധ്യമ ഹാന്‍ഡിലുകള്‍ക്കും മാധ്യമങ്ങള്‍ക്കുമെതിരെ മുഖ്യമന്ത്രിയ്ക്കും പോലീസ് മേധാവിയ്ക്കും വനിതാ കമ്മീഷനും പരാതി നൽകുമെന്നും ഷൈൻ ടീച്ചർ വ്യക്തമാക്കി.