ബാൽ താക്കറെയുടെ ഭാര്യയുടെ പ്രതിമയിൽ പെയിന്റ് ഒഴിച്ച് വികൃതമാക്കിയ സംഭവം; ഒരാൾ അറസറ്റിൽ
Thursday, September 18, 2025 5:03 AM IST
മുംബൈ: ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ ഭാര്യ, അന്തരിച്ച മീനാതായ് താക്കറെയുടെ പ്രതിമ പെയിന്റ് ഒഴിച്ച് വികൃതമാക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ശിവാജി പാർക്കിൽ സ്ഥാപിച്ചിരിക്കുന്ന പ്രതിമയാണ് വികൃതമാക്കിയത്.
പ്രതി ഉപേന്ദ്ര പവാസ്കർ എന്നയാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് പറഞ്ഞു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
രാവിലെ 6.30 ഓടെയാണ് സംഭവം പുറത്തറിഞ്ഞത്. വാർത്ത പ്രചരിച്ചതോടെ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി) പ്രവർത്തകർ സ്ഥലത്തെത്തി പരിസരം വൃത്തിയാക്കിയിരുന്നു. തുടർന്ന് പോലീസിനെ അറിയിച്ചു.
അക്രമികളെ തിരിച്ചറിയാൻ എട്ട് ടീമുകൾ രൂപീകരിച്ചതായും ശിവാജി പാർക്ക് പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി കാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.
മഹാരാഷ്ട്രയിൽ അശാന്തി സൃഷ്ടിക്കുക എന്നതാണ് ഈ അപകീർത്തിപ്പെടുത്തലിന്റെ ലക്ഷ്യമായി കരുതുന്നതെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും സംഭവത്തെ അപലപിച്ചു.