തിരുവനന്തപുരത്ത് സ്കൂൾ വാൻ മോഷ്ടിച്ച സംഭവം; നാല് യുവാക്കൾ അറസ്റ്റിൽ
Wednesday, September 17, 2025 11:40 PM IST
തിരുവനന്തപുരം: സ്കൂളിലെ കുട്ടികളെ കൊണ്ടുപോകുന്ന സ്വകാര്യ മിനി വാൻ മോഷ്ടിച്ച കേസിൽ നാല് യുവാക്കൾ അറസ്റ്റിൽ. ഊരൂട്ടുമ്പലം ഗവ. എൽപി സ്കൂളിലെ കുട്ടികളെ കൊണ്ടുപോകുന്ന സ്വകാര്യ മിനി വാൻ മോഷ്ടിച്ച കേസിലാണ് യുവാക്കൾ അറസ്റ്റിലായത്.
ഊരൂട്ടുമ്പലം വേലിക്കോട് സ്വദേശികളായ അഖിൽ ബാബു (20), എസ്. ജയസൂര്യ (18), കിടാപള്ളി സ്വദേശി ജെ. സജിൻ (21) എന്നിവരും പ്രായപൂർത്തിയാകാത്ത ഒരാളുമാണ് പിടിയിലായത്. മാറനല്ലൂർ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
മുക്കം പാലാമൂട് സ്വദേശി ഫിലോമിനയുടെ ഉടമസ്ഥതയിലുള്ള മഹേന്ദ്ര വാൻ ചൊവ്വാഴ്ച പുലർച്ചെയാണ് മോഷണം പോയത്. കഴിഞ്ഞ ഒരു മാസമായി നീറാമൺകുഴിയിലുള്ള അജു എന്നയാൾ വാടകയ്ക്ക് എടുത്താണ് ഈ വാഹനം സ്കൂൾ കുട്ടികളെ കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്നത്.
ഊരൂട്ടുമ്പലം ജംഗ്ഷനിലാണ് വാൻ പാർക്ക് ചെയ്തിരുന്നത്. ചൊവ്വാഴ്ച രാവിലെ 7:30ന് വാഹനം എടുക്കാനെത്തിയപ്പോഴാണ് അജു മോഷണവിവരം അറിയുന്നത്.
തുടർന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം മാറനല്ലൂർ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചതിനിടെ, സംശയം തോന്നിയ നാട്ടുകാർ നെയ്യാറ്റിൻകരയിൽ വെച്ച് ഇവരെ തടഞ്ഞുവച്ച് പോലീസിന് കൈമാറുകയായിരുന്നു. കോവളം കാണാനാണ് വാഹനം മോഷ്ടിച്ചതെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചു.