വിനയം മുഖമുദ്രയാക്കിയ വലിയ ഇടയൻ
സെബി മാളിയേക്കൽ
Wednesday, September 17, 2025 8:48 PM IST
മാർ ജോസഫ് കുണ്ടുകുളമെന്ന സൂര്യതേജസിന്റെ അസ്തമയത്തോടെ ഉരുണ്ടുകൂടിയ ആശങ്കയുടെ കാർമേഘങ്ങൾ വകഞ്ഞുമാറ്റി, ആത്മീയതയുടെ പാൽപ്പുഞ്ചിരിയുമായി ചാന്ദ്രനിലാവായി അതിരൂപത മുഴുവൻ പരന്നൊഴുകുകയായിരുന്നു മാർ ജേക്കബ് തൂങ്കുഴിയെന്ന വലിയ ഇടയൻ.
മാനന്തവാടി, താമരശേരി രൂപതകളുടെ മെത്രാനായി കാൽനൂറ്റാണ്ടോളം ശുശ്രൂഷചെയ്തശേഷമാണു തൃശൂരിന്റെ മണ്ണിലെത്തിയതെങ്കിലും, വിനയമായിരുന്നു ഈ വലിയ മുക്കുവന്റെ മുഖമുദ്ര. സൗമ്യമായ ഇടപെടലിലൂടെ, ഹൃദ്യവും കുലീനവുമായ പെരുമാറ്റത്തിലൂടെ, ഏവരുടെയും ഹൃദയങ്ങളിലേക്കു ചേക്കേറാൻ ശാന്തനായ വൈദികശ്രേഷ്ഠനു സാധിച്ചു.
ഒരു ദശാബ്ദംകൊണ്ട് തൃശൂർ അതിരൂപതയ്ക്കു പൊൻതൂവലായി മാറിയ പല ബൃഹദ് പദ്ധതികൾക്കും നാന്ദികുറിച്ചു. ആത്മീയതയുടെ ആൾരൂപമായ ഈ മേൽപ്പട്ടക്കാരൻ വികസനനായകൻകൂടിയായിരുന്നുവെന്നു നിരവധി സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും ഉദ്ഘോഷിക്കുന്നു.
പുഞ്ചിരി മായാതെ...
നിറപുഞ്ചിരിയോടെ മാത്രമേ തൂങ്കുഴിപ്പിതാവിനെ എപ്പോഴും കാണാൻ കഴിഞ്ഞിട്ടുള്ളൂ. വൈദികരോടും സന്യാസിനിമാരോടും മാത്രമല്ല, അല്മായരോടും വൈദികവിദ്യാർഥികളോടുപോലും ബഹുമാനത്തോടെയേ ഇടപഴകാറുള്ളൂ.
ആരോടും ദേഷ്യപ്പെടാതെ, സ്നേഹംകൊണ്ട് തിരുത്തലുകൾ നടത്താൻ കഴിവുണ്ടായിരുന്ന വലിയ മനുഷ്യൻ. വലിപ്പചെറുപ്പഭേദമെന്യേ ഏവരേയും കേൾക്കാനുള്ള ഒരു തുറന്ന മനസ് ഈ മെത്രാനച്ചനുണ്ടായിരുന്നു; ഒപ്പം ഒരു ആർദ്രഹൃദയവും.
1999ലെ ഒരു പ്രസംഗമാണ് ഓർമവരുന്നത്. സീറോ മലബാർ സഭയിൽ ആദ്യമായി ഇരിങ്ങാലക്കുട രൂപതയിൽ സിനഡ് (എപ്പാർക്കിയിൽ അസംബ്ലി) നടക്കുന്നു. ആളൂർ ബിഎൽഎമ്മിൽ ഉദ്ഘാടകനായി എത്തിയ മാർ തൂങ്കുഴി രണ്ടുമൂന്നു കാര്യങ്ങളാണ് പറഞ്ഞുവച്ചത്.
അതിലൊന്ന്, ഏറ്റവും നിസാരനെന്നു പറയുന്ന കുഞ്ഞിനുപോലും ചിലതു പറയാനുണ്ടാകും; ആ സ്വരം നമുക്കു ശ്രവിക്കാൻ സാധിക്കണമെന്നതായിരുന്നു. ഇതു സമർഥിക്കാൻ രണ്ട് ഉദാഹരണങ്ങൾ പറഞ്ഞു. അതിലൊന്നിപ്രകാരമാണ്: ഒരിക്കൽ ഒരു പള്ളിയിൽ അച്ചൻ വാഴ്വ് (വിശുദ്ധ കുർബാനയുടെ ആശീർവാദം) നടത്തിക്കൊണ്ടിരിക്കുകയാണ്. ഒരു കുഞ്ഞ് അൾത്താരബാലൻ പിറകിൽനിന്ന് കാപ്പയിൽ (കുർബാനയ്ക്ക് ഇടുന്ന കുപ്പായം) പിടിച്ചുവലിക്കുന്നു. രണ്ടുമൂന്നു തവണയായപ്പോൾ അച്ചൻ തിരിഞ്ഞുനോക്കി. അവൻ ചെവിയിൽ പറഞ്ഞു: ""അച്ചാ, കുർബാന എടുത്തുവച്ചിട്ടില്ല''. അപ്പോഴാണ് അച്ചനു മനസിലായത് ഈ ധൂപിക്കലും പ്രാർഥനയും നടത്തിയതു കുർബാന വയ്ക്കാതെയാണെന്ന്. ആ അച്ചൻ നല്ലവനായതുകൊണ്ട് ആ കുഞ്ഞിനെ ശ്രവിച്ചു. അതുകൊണ്ട് ശരിയായ ആരാധന നടന്നു. ഈ തത്വം പ്രസംഗത്തിൽ മാത്രമല്ല, സ്വജീവിതത്തിലും പ്രാവർത്തികമാക്കിയ വലിയ മനസിനുടമയായിരുന്നു മാർ തൂങ്കുഴി.
ഹ്രസ്വം, ലളിതം ഭാഷണം
മണിക്കൂറുകൾ പ്രസംഗിച്ചാലും കേൾവിക്കാരെ ബോറടിപ്പിക്കാതെ പിടിച്ചിരുത്തുന്ന പ്രഗത്ഭനായ വാഗ്മിയുടെ പിൻഗാമിയായെത്തിയപ്പോൾ, മാർ കുണ്ടുകുളത്തിന്റെ പാത അതേപടി പിന്തുടരാതെ തന്റേതായ ശൈലി രൂപപ്പെടുത്തുകയായിരുന്നു പുതിയ മെത്രാപ്പോലീത്ത.
ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ ഉൾപ്പെടെ എട്ടോളം ഭാഷകൾ അറിയാമായിരുന്നെങ്കിലും ഹ്രസ്വവും ലളിതവുമായിരുന്നു പ്രഭാഷണങ്ങൾ. കൊച്ചുകൊച്ചു അനുഭവങ്ങളിലൂടെയും കുഞ്ഞുകുഞ്ഞുകഥകളിലൂടെയും അദ്ദേഹം ശ്രോതാക്കളുടെ മനസിൽ മായാത്ത മുദ്രപതിപ്പിച്ചു. കൊച്ചുകൊച്ചു പദപ്രയോഗങ്ങൾ, ചില ഇംഗ്ലീഷ് അക്ഷരങ്ങൾക്ക് അദ്ദേഹം കൊടുത്തിരുന്ന നിർവചനങ്ങൾ എന്നിവ ചിന്തോദ്ദീപകവും കൗതുകംനിറഞ്ഞതുമായിരുന്നു.
ഇരിങ്ങാലക്കുട രൂപത മെത്രാനായിരുന്ന മാർ ജെയിംസ് പഴയാറ്റിലിന്റെ മെത്രാഭിഷേക രജതജൂബിലി ആഘോഷവേള. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി, കർദിനാൾ മാർ വർക്കി വിതയത്തിൽ, മലങ്കരസഭയുടെ പരമാധ്യക്ഷൻ സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത എന്നിവരുടെ പ്രസംഗങ്ങൾക്കുശേഷമായിരുന്നു മാർ തൂങ്കുഴിയുടെ ഊഴം.
ഒരു പാൽപ്പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞുതുടങ്ങി; രണ്ട് ഇംഗ്ലീഷ് അക്ഷരങ്ങൾ വിപുലീകരിച്ചാൽ മാർ ജെയിംസ് പഴയാറ്റിൽ പിതാവായി. പി.പി. അദ്ദേഹം അതിങ്ങനെയാണു വിശദീകരിച്ചത് -പഴയാറ്റിൽ പിതാവ് (പി.പി.) = പ്രാർഥിക്കുന്ന പിതാവ് (പി.പി). കത്തീഡ്രൽ അങ്കണത്തിൽ തിങ്ങിനിറഞ്ഞ ആയിരങ്ങൾ വൻഹർഷാരവത്തോടെയാണ് പിന്നീട് പ്രസംഗത്തിനായി കാതോർത്തത്.
ആത്മീയഗുരു
അതിരാവിലെ ഉണർന്ന് ദിവ്യബലിക്കുമുന്പേ ദേവാലയത്തിൽ വന്ന് പ്രാർഥിച്ച് ശക്തിസംഭരിച്ചിരുന്ന ഒരു പുരോഹിതശ്രേഷ്ഠൻ. പുരോഹിതന്റെ അടിസ്ഥാനഗുണം അവൻ പ്രാർഥിക്കുന്നവനായിരിക്കണം എന്നു സഹവൈദികരെയും വൈദികവിദ്യാർഥികളെയും പഠിപ്പിക്കുക മാത്രമല്ല, സ്വജീവിതത്തിൽ പ്രാവർത്തികമാക്കുകകൂടി ചെയ്തു.
വൈദികരുടെയും സിസ്റ്റേഴ്സിന്റെയും നല്ലൊരു ധ്യാനഗുരു കൂടിയായിരുന്നു മാർ തൂങ്കുഴി. അവതരണത്തിലെ കൃത്യതയും ഉയർന്ന ആത്മീയചിന്തയും അദ്ദേഹത്തിന്റെ ധ്യാനങ്ങളെ വേറിട്ടതാക്കി. ആഴമുള്ള വായനയിലൂടെയും ദിവ്യകാരുണ്യ ആരാധനയിലൂടെയും ആർജിച്ചെടുത്ത ആത്മീയദർശനങ്ങൾ ഏവർക്കും പ്രചോദനാത്മകമായി.
സന്യാസിനിമാരുടെ അപ്പച്ചൻ
താൻ സ്ഥാപിച്ച ക്രിസ്തുദാസി സന്യാസസമൂഹത്തിലെ (എസ്കെഡി) സിസ്റ്റേഴ്സിനു മാത്രമല്ല, എല്ലാ സന്യാസിനീസമൂഹത്തിലെ അംഗങ്ങൾക്കും സ്നേഹപിതാവായിരുന്നു മാർ തൂങ്കുഴി. പുത്രീസഹജമായ വാത്സല്യത്തോടെയായിരുന്നു അദ്ദേഹം അവരോടു പെരുമാറിയിരുന്നത്; തികഞ്ഞ ആദരവോടെയും. അധികാരത്തിന്റെ ഭാവമോ സ്വരമോ അദ്ദേഹത്തിൽ ഒരിക്കലും പ്രതിഫലിച്ചിരുന്നില്ല.
ഓരോ കൂടിക്കാഴ്ചകളും ക്രിസ്തുസ്നേഹത്തിന്റെ പ്രകാശനവേളകളായി. എല്ലാ യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും കാനഡയും ഓസ്ട്രേലിയയും നിരവധി ഏഷ്യൻ രാജ്യങ്ങളും സന്ദർശിച്ചിട്ടുള്ള അദ്ദേഹം കുലീനത്വം കൈമുതലാക്കിയ, ആതിഥേയത്വത്തിനു പുതിയ ഭാഷ്യംചമച്ച മെത്രാപ്പോലീത്തയായിരുന്നു. അതിഥികളെ ഭക്ഷണമേശവരെ അനുഗമിക്കുകയും അവരെ സത്കരിക്കുകയും ചെയ്യുമായിരുന്നു.
മഡോണനഗർ സെന്റ് മേരീസ് മൈനർ സെമിനാരിയിൽ വിശ്രമജീവിതം നയിക്കുന്പോഴും മഡോണനഗർ ഇടവകവികാരിമാർക്കു നാമഹേതുകതിരുനാളിനും ജന്മദിനത്തിനുമെല്ലാം ആശംസകൾ നേരുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്തിരുന്നു. "അച്ചന്റെ ഒരു കുഞ്ഞാടാണ് ഞാൻ' എന്നു പറഞ്ഞ് ഒരു അപ്പന്റെ സ്നേഹത്തോടെ പ്രാർഥന വാഗ്ദാനംചെയ്തിരുന്നതായും ഇടവകവികാരിമാർ സാക്ഷ്യപ്പെടുത്തുന്നു.
സിംപിൾ; പവർഫുൾ
മലബാറിന്റെ സാമൂഹ്യപരിഷ്കർത്താവായിരുന്ന തലശേരി രൂപത മെത്രാൻ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ സെക്രട്ടറിയായും രൂപത ചാൻസലറായും ശുശ്രൂഷാജീവിതം ആരംഭിച്ച ഫാ. ജേക്കബ് തൂങ്കുഴി 43-ാം വയസിൽ മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാനായതോടെ അവിടത്തെ സാമൂഹ്യവളർച്ചയിൽ വലിയ പങ്കുവഹിച്ചു.
ട്രൈബൽ കമ്യൂണിറ്റി ഡവലപ്മെന്റ് പ്രോജക്ടും വയനാട് സർവീസ് സൊസൈറ്റിയും ആരംഭിച്ചതുകൂടാതെ ഇതിനെല്ലാം ഉപയുക്തമാകുംവിധം സേവനംചെയ്യാൻ ക്രിസ്തുദാസി സന്യാസസമൂഹവും ആരംഭിച്ചു. ബംഗളൂരുവിൽ സാന്തോം സ്റ്റഡി ഹൗസും മാനന്തവാടിയിൽ പാസ്റ്ററൽ സെന്ററും രണ്ട് പതിറ്റാണ്ടിലധികം നീണ്ട മെത്രാൻ ശുശ്രൂഷയ്ക്കിടയിൽ തുടങ്ങി.