പടക്ക വിപണിയുടെ മറവിൽ ലഹരി വിൽപ്പന; ആറ് യുവാക്കൾ അറസ്റ്റിൽ
Wednesday, September 17, 2025 4:36 AM IST
പാലക്കാട്: പടക്ക വിപണിയുടെ മറവിൽ ലഹരി ഉപയോഗവും വിൽപ്പനയും നടത്തിയ ആറ് യുവാക്കൾ അറസ്റ്റിൽ. കുളപ്പുള്ളി സ്വദേശികളായ കൈപ്പുള്ളി വീട്ടിൽ കെ. വിഗ്നേഷ്, കുന്നത്ത് വീട്ടിൽ കെ.എ. സനൽ, ഷൊർണൂർ ഗണേശഗിരി ഷാ മൻസിൽ കെ.ബി. ഷബീർ, ഒറ്റപ്പാലം പൂളക്കുണ്ട് സ്വദേശികളായ കുന്നത്ത് വീട്ടിൽ മുഹമ്മദ് മുസ്തഫ, കൊല്ലത്ത് വീട്ടിൽ ഷാഫി, ഒറ്റപ്പാലം കാഞ്ഞിരക്കടവ് കൊരട്ടിയിൽ വീട്ടിൽ ഷാനിഫ് എന്നിവരാണ് പിടിയിലായത്. ഷാനിഫിന് എറണാകുളത്ത് ലഹരി ഉപയോഗത്തിന് കേസുണ്ടെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിൽ ഒറ്റപ്പാലം സൗത്ത് പനമണ്ണയിൽ കണ്ണിയംപുറം റോഡിലുള്ള വാടകവീട്ടിൽ നിന്നു 20 പെട്ടി പടക്ക ശേഖരം, 600ഗ്രാം കഞ്ചാവ്, 50 ഗ്രാമോളം എംഡിഎംഎ, ലൈംഗിക ഉത്തേജക മരുന്ന്, രണ്ടുപെട്ടി കോണ്ടം എന്നിവയും പിടികൂടി.
അനുമതിയില്ലാതെ വിൽപ്പന നടത്താൻ വേണ്ടി കരുതിയ പടക്ക ശേഖരമാണെന്ന് പോലീസ് പറഞ്ഞു. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെയും ഒറ്റപ്പാലം പോലീസിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന.