ഭീഷണി പ്രസംഗം; കെഎസ്യു കോഴിക്കോട് ജില്ലാ അധ്യക്ഷനെതിരെ കേസ്
Tuesday, September 16, 2025 11:31 PM IST
കോഴിക്കോട്: പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ഭീഷണി പ്രസംഗം നടത്തിയ കെഎസ്യു കോഴിക്കോട് ജില്ലാ അധ്യക്ഷൻ വി.ടി.സൂരജിനെതിരെ കേസെടുത്തു. ബിഎന്‍എസ് 351 (3), പോലീസ് ആക്ടിലെ 117 ഇ വകുപ്പുകള്‍ പ്രകാരമാണ് നടക്കാവ് പോലീസ് കേസെടുത്തത്.
സമരങ്ങൾ തടയാനെത്തിയാൽ കോഴിക്കോട് ടൗൺ മുൻ എസിപി ബിജു രാജിന്റെയും കസബ മുൻ സിഐ കൈലാസ് നാഥിന്റെയും തലയടിച്ച് പൊട്ടിക്കുമെന്നാണ് ഭീഷണി ഉയർത്തിയത്. ഭീഷണിപ്പെടുത്തൽ, പോലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്താനുള്ള ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
പോലീസ് അതിക്രമങ്ങള്‍ക്ക് എതിരെ കോഴിക്കോട് ഡിസിസി സംഘടിപ്പിച്ച പ്രതിഷേധ സമരത്തിനിടെയാണ് വി.ടി.സൂരജ് വിവാദ പ്രസംഗം നടത്തിയത്. ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാർ ഉൾപ്പടെയുള്ളവർ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.