പോലീസ് മർദനം നിയമസഭയിൽ; മുഖ്യമന്ത്രിയുടെ പഴയ പ്രസംഗം ഓർമിപ്പിച്ച് റോജി എം. ജോൺ
Tuesday, September 16, 2025 1:59 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് മർദനങ്ങളിൽ ആഭ്യന്തരവകുപ്പിനെതിരേ രൂക്ഷവിമർശനവുമായി പ്രതിപക്ഷം നിയമസഭയിൽ. രാജഭരണ കാലത്തെ ഓർമിപ്പിക്കുന്ന പെരുമാറ്റമായിരുന്നു പോലീസിന്റേതെന്നും ജനാധിപത്യപരമായി ചോദ്യം ചെയ്തതിനാണ് യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ചതെന്നും റോജി എം. ജോൺ എംഎൽഎ അടിയന്തരപ്രമേയത്തിൽ കുറ്റപ്പെടുത്തി.
സുജിത്തിനെ 45ലധികം തവണയാണ് പോലീസ് ക്രൂരമായി മർദിച്ചതെന്നും റോജി എം. ജോൺ പറഞ്ഞു. കള്ളക്കേസിൽ കുടുക്കാനും ശ്രമിച്ചു. സസ്പെൻഷൻ ഒരു നടപടി അല്ല. പോലീസ് ഗുണ്ടാ സംഘമായി. സസ്പെൻഷൻ ജാള്യത മറയ്ക്കാൻ വേണ്ടിയാണ്. സുജിത്തിനെ മർദിച്ചവരെ സേനയിൽ നിന്ന് നീക്കണമെന്നും റോജി പറഞ്ഞു. പീച്ചിയിലെ മർദ്ദനവും എടുത്തു പറഞ്ഞു കൊണ്ടായിരുന്നു റോജിയുടെ പ്രസംഗം.
കുണ്ടറയിൽ സൈനികനെ തല്ലിച്ചതച്ചു. അടൂരിൽ ഡിവൈഎഫ്ഐ നേതാവ് ജോയലിനെ പൊലീസ് ഇടിച്ചുവെന്ന് ബന്ധുക്കൾ തന്നെ പറയുന്നു. സിപിഎം ലോക്കൽ സെക്രട്ടറിക്ക് പോലും പോലീസിൽ നിന്ന് രക്ഷയില്ല. പേരൂർക്കട സ്റ്റേഷനിൽ ബിന്ദുവിനെ മോഷ്ടാവാക്കാൻ ശ്രമിച്ചു. എല്ലാറ്റിനും കാരണം മുഖ്യമന്ത്രിയുടെ മൗനമാണെന്നും റോജി എം. ജോൺ കുറ്റപ്പെടുത്തി.
നിയമസഭയിൽ പിണറായി വിജയന്റെ പഴയ പ്രസംഗം ഓർമിപ്പിച്ച റോജി എം. ജോൺ, അന്ന് പോലീസ് മർദ്ദനത്തെക്കുറിച്ച് പറഞ്ഞ ആളുടെ പോലീസ് ആണ് ഇപ്പോൾ സുജിത്തിനെ മർദ്ദിച്ചതെന്നും കൂട്ടിച്ചേർത്തു.
പോലീസ് സ്റ്റേഷനുകളിൽ നടക്കുന്നത് മനഃസാക്ഷിയെ മരവിപ്പിക്കുന്ന സംഭവങ്ങളാണെന്ന് അനൂപ് ജേക്കബ് എംഎൽഎ പറഞ്ഞു. എന്തുചെയ്താലും സംരക്ഷിക്കപ്പെടുമെന്ന വിശ്വാസമാണ് പോലീസിന്. കംപ്ലെയിന്റ് അതോറിറ്റി പിരിച്ചുവിടണം. സ്ഥലംമാറ്റം നടപടിയല്ലെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്നും അനൂപ് ജേക്കബ് എംഎൽഎ പറഞ്ഞു.
പോലീസ് കസ്റ്റഡി മർദനങ്ങൾ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നൽകുകയായിരുന്നു.