ഏഷ്യാ കപ്പിലെ ഹസ്തദാന വിവാദം: മാച്ച് റഫറിയെ മാറ്റണമെന്ന പാക്കിസ്ഥാന്റെ ആവശ്യം തള്ളി ഐസിസി
Tuesday, September 16, 2025 12:52 PM IST
ദുബായി: ഏഷ്യാ കപ്പിലെ ഹസ്തദാന വിവാദത്തെ തുടർന്ന് മാച്ച് റഫറി ഐന്‍ഡി പൈക്രോഫ്റ്റിനെ മാറ്റണമെന്ന പാക്കിസ്ഥാന്റെ ആവശ്യം ഐസിസി തള്ളി. മാച്ച് റഫറിയെ മാറ്റുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നാണ് ഐസിസി അറിയിച്ചത്.
പാക് താരങ്ങളുമായി ഇന്ത്യൻ താരങ്ങള്‍ ഹസ്തദാനത്തിന് വിസമ്മതിച്ചതില്‍ പൈക്രോഫ്റ്റിന് പങ്കില്ലെന്ന് ഐസിസി വൃത്തങ്ങൾ വ്യക്തമാക്കി. ടോസ് സമയത്ത് ഇന്ത്യൻ ക്യാപ്റ്റനുമായി ഹസ്തദാനത്തിന് ശ്രമിച്ചാല്‍ പാക് നായകൻ അവഹേളിക്കപ്പെടുന്നത് ഒഴിവാക്കാനായാണ് മാച്ച് റഫറി ഇടപെട്ടത്.
സൂര്യകുമാർ ഹസ്തദാനത്തിന് തയാറായില്ലെങ്കിൽ പാക് നായകന് അത് വലിയ നാണക്കേട് ആകുമെന്ന മുന്നറിയിപ്പാണ് പൈക്രോഫ്റ്റ് നല്‍കിയതെന്നും ഐസിസി വ്യക്തമാക്കി. മാച്ച് റഫറിയെ മാറ്റിയില്ലെങ്കില്‍ ഏഷ്യാ കപ്പ് ബഹിഷ്കരിക്കുമെന്ന് ഭീഷണി ഉയർത്തിയ പാക്കിസ്ഥാന് തിരിച്ചടിയാണ് ഐസിസിയുടെ തീരുമാനം.
ബുധനാഴ്ചത്തെ പാക് -യുഎഇ മത്സരത്തിലും ആന്‍ഡി പൈക്രൊഫ്റ്റ് തന്നെയാണ് മാച്ച് റഫറി. ഈ മത്സരം ജയിച്ചില്ലെങ്കിൽ പാക്കിസ്ഥാൻ സൂപ്പര്‍ ഫോറിലെത്താതെ പുറത്താവാന്‍ സാധ്യതയുണ്ട്.
ഞായറാഴ്ച നടന്ന ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന് മത്സരത്തില്‍ മാച്ച് റഫറി ആന്‍ഡി പൈ ക്രോഫ്റ്റ് പക്ഷപാതപരമായാണ് പെരുമാറിയതെന്നും മത്സരത്തിലെ ടോസിന് മുമ്പ് തന്നെ മാച്ച് റഫറി പാക് നായകനോട് ഇന്ത്യൻ നായകനുമായി ഹസ്തദാനത്തിന് മുതിരരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
ടോസിനിടെ പതിവുള്ള ഹസ്തദാനം സൂര്യകുമാർ യാദവും പാക് ക്യാപ്റ്റന്‍ സൽമാൻ ആഘയും ഒഴിവാക്കുകയും ചെയ്തിരുന്നു. മത്സരം പൂര്‍ത്തിയായശേഷവും ഇന്ത്യൻ താരങ്ങളാരും ഗ്രൗണ്ടിലേക്കിറങ്ങി പാക് താരങ്ങളുമായി പതിവ് ഹസ്തദാനത്തിന് മുതിര്‍ന്നിരുന്നില്ല.
ഹസ്തദാനത്തിനായി കുറച്ചു നേരം ഗ്രൗണ്ടില്‍ കാത്തു നിന്ന പാക് താരങ്ങള്‍ പിന്നീട് ഇന്ത്യൻ ഡ്രസിംഗ് റൂമിന് അടുത്തെത്തിയെങ്കിലും വാതിലുകള്‍ അടച്ചിരുന്നു.