അനധികൃത സ്വത്ത് സന്പാദനം; ആസാമിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥയും സഹായിയും അറസ്റ്റിൽ
Tuesday, September 16, 2025 12:24 PM IST
ഗോഹട്ടി: ആസാമിൽ അനധികൃതമായി സ്വത്ത് സന്പാദിച്ചെന്ന കേസിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥയും സഹായിയും അറസ്റ്റിൽ. കാംറപിലെ ഗോരോയ്മാരിയിൽ നിയമിതയായ നൂപുർ ബോറ എന്ന ഉദ്യോഗസ്ഥയും സഹായി ലത് മണ്ഡൽ സുരാജിത് ദേകയുമാണ് പിടിയിലായത്.
നൂപുർ ബോറയുടെ വീടുകളിൽ സ്പെഷ്യൽ വിജിലൻസ് സെൽ നടത്തിയ പരിശോധനയിൽ ഒരു കോടിയിലേറെ രൂപയും ഒരു കോടി രൂപ വിലവരുന്ന സ്വർണാഭരണങ്ങളും കണ്ടെത്തി. ഉദ്യോഗസ്ഥയുടെ ഔദ്യോഗിക വസതിയിൽ നിന്ന് മാത്രം 92 ലക്ഷം രൂപയും ഒരു കോടിയുടെ ആഭരണങ്ങളുമാണ് കണ്ടെത്തിയത്.
നൂപുർ ബോറയുടെ ബാർപെട്ടയിലുള്ള വാടകവീട്ടിൽനിന്ന് 10 ലക്ഷം രൂപയും വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ കീഴിലുള്ള സ്പെഷ്യൽ വിജിലൻസ് സെല്ലാണ് അനധികൃത സ്വത്തുക്കൾ പിടിച്ചെടുത്തത്.
ഉദ്യോഗസ്ഥയുടെ സഹായത്തോടെ ലത് മണ്ഡൽ സുരാജിത് വിവിധയിടങ്ങളിൽ ഭൂമി സ്വന്തമാക്കിയതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു വിജിലൻസ് നടപടി.
2019ൽ ആസാമിൽ സർവീസിലെത്തിയ ഉദ്യോഗസ്ഥയ്ക്കെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നതായും ഇവർ കഴിഞ്ഞ ആറ് മാസത്തോളമായി നിരീക്ഷണത്തിലായിരുന്നതായും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി.