ബസ് യാത്രയ്ക്കിടെ യുവതിയെ ഉപദ്രവിച്ച സംഭവം; വയോധികൻ അറസ്റ്റിൽ
Tuesday, September 16, 2025 11:47 AM IST
തൃശൂർ: ബസ് യാത്രയ്ക്കിടെ യുവതിയെ ഉപദ്രവിച്ച സംഭവത്തിൽ വയോധികൻ അറസ്റ്റിൽ. എങ്ങണ്ടിയൂർ പഴയേടത്ത് മുരളീധരൻ (65) ആണ് അറസ്റ്റിലായത്. വാടാനപ്പള്ളി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി 9. 30നാണ് കേസിനാസ്പദമായ സംഭവം. ഗുരുവായൂരിൽ നിന്നും പറവൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്നു യുവതി. ചേറ്റുവ പാലം കഴിഞ്ഞപ്പോൾ മുരളീധരൻ യുവതിയെ ലൈംഗിക ഉദ്ദേശ്യത്തോടു കൂടി സ്പർശിച്ച് മാനഹാനി വരുത്തുകയായിരുന്നു.
യുവതിയെ പുറകിൽ നിന്ന് ഇയാൾ പല തവണ സ്പർശിച്ചു. തിരക്കായതു കൊണ്ടാകും എന്നു കരുതി യുവതി മുന്നിലേക്ക് കയറി നിന്നു. എന്നാൽ പ്രതി വീണ്ടും പുറകിൽ പോയി നിന്ന് സ്പർശിച്ച് മാനഹാനി വരുത്തുകയും അശ്ലീലമായി സംസാരിക്കുകയും ചെയ്തുവെന്നാണ് കേസ്.
യാത്രക്കാരി പ്രതികരിച്ചതോടെ ബസിലെ മറ്റ് യാത്രക്കാർ ഇയാളെ തടഞ്ഞ് വയ്ക്കുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു.