മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ കുരുക്ക്; ഭാഗിക പരിഹാരമായെന്ന് തൃശൂർ കളക്ടര്‍
Tuesday, September 16, 2025 2:58 AM IST
കൊച്ചി: മണ്ണുത്തി– ഇടപ്പള്ളി ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് ഭാഗിക പരിഹാരമുണ്ടായതായി തൃശൂര്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. 18 നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതില്‍ 13 എണ്ണം തൃപ്തികരമായി നടപ്പാക്കിയെന്ന് പോലീസും ഗതാഗതവകുപ്പും ഉറപ്പാക്കിയതായി ഓണ്‍ലൈനിലൂടെ ഹാജരായ ജില്ലാ കളക്ടര്‍ ഹൈക്കോടതിയെ അറിയിച്ചു.
പ്രശ്ന പരിഹാരത്തിനായി കളക്ടര്‍ നല്കിയ നിര്‍ദേശങ്ങളെല്ലാം പാലിച്ചതായി ദേശീയപാത അഥോറിറ്റിയും വ്യക്തമാക്കി.
മണ്ണുത്തി– ഇടപ്പള്ളി മേഖലയിലെ പ്രശ്നങ്ങള്‍ ദേശീയപാത അഥോറിറ്റി പരിഹരിച്ചെന്നുള്ള കളക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ പാലിയേക്കര ടോള്‍ പിരിവിനുള്ള സ്റ്റേ മാറ്റുകയുള്ളൂയെന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.