പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്താൻ യൂട്യൂബിൽ ഗാനം; പ്രതികൾ അറസ്റ്റിൽ
Tuesday, September 16, 2025 12:58 AM IST
ഗുരുഗ്രാം: പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്താൻ യൂട്യൂബിൽ ഗാനം അപ്ലോഡ് ചെയ്ത രണ്ടുപേർ അറസ്റ്റിൽ. ഗുരുഗ്രാമിലാണ് സംഭവം.
പ്രതികളായ അസ്ഹറുദീനും ഷഹസാദും ഒത്തുതീർപ്പിന് സമ്മർദ്ദം ചെലുത്തിയെന്ന് ആരോപിച്ച് പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ കുടുംബം പരാതി നൽകിയതായി പോലീസ് പറഞ്ഞു. ഒത്തുതീർപ്പിന് വിസമ്മതിച്ചപ്പോൾ പ്രതികൾ ഒന്നിലധികം തവണ കൊലപാതക ശ്രമം നടത്തിയെന്നും കുടുംബം ആരോപിക്കുന്നു.
പീഡനക്കേസിലെ പ്രതിയുടെ കുടുംബാംഗങ്ങൾ യൂട്യൂബിൽ ഒരു ഗാനം അപ്ലോഡ് ചെയ്തു. ഗാനത്തിൽ ഇരയുടെയും ബന്ധുക്കളുടെയും പേര് പരാമർശിച്ച് അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിച്ചിട്ടുണ്ട്. ജാമ്യം അനുവദിച്ചാൽ ഇരയെ വെടിവച്ചുകൊല്ലുമെന്നും പറയുന്നുണ്ട്. കൂടാതെ ഈ ഗാനം വ്യാപകമായി പ്രചരിപ്പിച്ചുവെന്നും പോലീസ് വ്യക്തമാക്കി.
പരാതിയെത്തുടർന്ന് റോസ്ക മിയോ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും അസറുദീനെയും ഷഹ്സാദിനെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇരയുടെ കുടുംബത്തിന് സുരക്ഷയും നീതിയും ഉറപ്പാക്കുമെന്നും പോലീസ് അറിയിച്ചു.