ഇന്ത്യ - അമേരിക്ക വ്യാപാര ചര്‍ച്ച; പ്രതിനിധി സംഘം ഇന്ന് ഡൽഹിയിലെത്തും
Monday, September 15, 2025 7:01 PM IST
ന്യൂഡൽഹി: വ്യാപാര ചർച്ചകൾക്കായി അമേരിക്കൻ പ്രതിനിധി സംഘം ഇന്ന് ഡൽഹിയിലെത്തും. ചൊവ്വാഴ്ച മുതലാണ് ചർച്ചകൾക്ക് തുടക്കമാകുക. യുഎസ് വാണിജ്യ ഉപപ്രതിനിധി ബ്രെൻഡൻ ലിഞ്ചിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡൽഹിയിലെത്തുക.
ഉഭയകക്ഷി വ്യാപാര ധാരണകൾ സംബന്ധിച്ച് വാണിജ്യ വകുപ്പ് സ്പെഷൽ സെക്രട്ടറി രാജേഷ് അഗർവാളുമായി അദ്ദേഹം ചൊവ്വാഴ്ച ചർച്ച നടത്തും. വാണിജ്യമന്ത്രി പിയൂഷ് ഗോയലിനേയും സംഘം കണ്ടേക്കും. ഇരു രാജ്യങ്ങളും ഏതാനും മാസങ്ങളായി നിരവധി ചർച്ചകൾ നടത്തിയെങ്കിലും ഇടക്കാല വ്യാപാരക്കരാറിലെത്താൻ കഴിഞ്ഞിരുന്നില്ല.
ഇന്ത്യൻ കാർഷിക, ക്ഷീര മേഖല തുറന്നുകിട്ടാനുള്ള യുഎസ് താത്പര്യമാണ് വിലങ്ങുതടിയായത്. രാജ്യത്തെ വലിയ ശതമാനം ജനങ്ങളുടെ ഉപജീവന മാർഗമായ കാർഷിക, ക്ഷീര മേഖല പൂർണമായും തുറന്നുനൽകാൻ ഇന്ത്യ തയാറല്ല.
ഈ വർഷം മാർച്ചിലാണ് വിപുലമായ വ്യാപാര ചർച്ചകൾക്ക് ഇരുരാജ്യങ്ങളും തുടക്കമിട്ടത്. ചർച്ചകളിൽ പുരോഗതി ഉണ്ടെങ്കിൽ നരേന്ദ്ര മോദി അമേരിക്കയിലേക്ക് പോകുന്നത് അടക്കമുള്ള വിഷയങ്ങളിൽ തീരുമാനമുണ്ടാകും.