രാഹുൽ മാങ്കൂട്ടത്തിൽ ശനിയാഴ്ച പാലക്കാട്ടേക്ക് പോയേക്കും; വന്നാൽ തടയുമെന്ന് ഡിവൈഎഫ്ഐയും ബിജെപിയും
Monday, September 15, 2025 6:45 PM IST
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ ശനിയാഴ്ച പാലക്കാട് മണ്ഡലത്തിലെത്തിയേക്കുമെന്ന് വിവരം. ഞായറാഴ്ച വൈകുന്നേരം വരെ പാലക്കാട് തുടരാനാണ് സാധ്യത. ആദ്യഘട്ടത്തിൽ പൊതു പരിപാടികളിൽ പങ്കെടുക്കേണ്ടതില്ല എന്നാണ് രാഹുൽ, ഷാഫി ക്യാമ്പിന്റെ തീരുമാനം.
എന്നാൽ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എത്തിയാൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് ഡിവൈഎഫ്ഐയുടെയും ബിജെപിയുടെയും തീരുമാനം. എംഎൽഎ എന്ന നിലയിൽ പങ്കെടുക്കുന്ന പരിപാടികളിൽ പ്രതിഷേധമുണ്ടാകുമെന്നാണ് ബിജെപിയും അറിയിച്ചിരിക്കുന്നത്. എംഎൽഎ ഓഫീസിലേക്ക് എത്തിയാലും പ്രതിഷേധം ഉണ്ടാകും.
രാഹുലിനെ ജില്ലയിലെ പൊതുപരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ആർ.ജയദേവൻ വ്യക്തമാക്കി. രാഹുലിനൊപ്പം ഇന്ന് നിയമസഭയിൽ എത്തിയത് യൂത്ത് കോൺഗ്രസിന്റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റാണ്.
യൂത്ത് കോൺഗ്രസ് ഒരേസമയം ഇരയോടൊപ്പം എന്ന് പറയുകയും രാഹുലിനൊപ്പം നിലയുറപ്പിക്കുകയും ചെയ്യുന്നുവെന്നാണ് ഡിവൈഎഫ്ഐയുടെ വിമര്‍ശനം. യൂത്ത് കോൺഗ്രസ് പിരിച്ചുവിടണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
ഇന്ന് രാഹുൽ മാങ്കൂട്ടത്തിലിന്റെ വാഹനം തടഞ്ഞ് എസ്എഫ്ഐ പ്രതിഷേധിച്ചിരുന്നു. എംഎൽഎ ഹോസ്റ്റലിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോഴാണ് റോഡിൽ എസ്എഫ്ഐ പ്രവർത്തകർ വാഹനം തടഞ്ഞ് പ്രതിഷേധിച്ചത്. ഏതാനും മിനിറ്റോളം പ്രതിഷേധം തുടർന്നപ്പോഴാണ് പോലീസ് സ്ഥലത്തെത്തിയത്.
പിന്നീട് പ്രവർത്തകരെ പോലീസ് പിടിച്ചുമാറ്റിയെങ്കിലും വാഹനം മുന്നോട്ടെടുക്കാൻ രാഹുൽ തയ്യാറായില്ല. ഉന്നത പോലീസ് ഉദ്യോഗസ്ഥർ എത്തി ആവശ്യപ്പെട്ടതിനെ തുടർന്നാണ് വാഹനം കടന്നുപോയത്.