കണ്ണൂർ സെൻട്രൽ ജയിലിലേക്കുള്ള ലഹരിയേറ്; മുഖ്യസൂത്രധാരൻ അറസ്റ്റിൽ
Monday, September 15, 2025 6:17 PM IST
കണ്ണൂർ: സെൻട്രൽ ജയിലിലേക്ക് ലഹരി എറിഞ്ഞുനൽകിയിരുന്ന മുഖ്യപ്രതി അറസ്റ്റിൽ. അത്താഴക്കുന്ന് സ്വദേശി മജീഫിനെ ആണ് അറസ്റ്റിലായത്.
കണ്ണൂർ ടൗൺ പോലീസാണ് മജീഫിനെ അറസ്റ്റ് ചെയ്തത്. മജീഫ് നിരവധി ലഹരി കേസുകളിൽ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി.
ജയിലിലേക്ക് ലഹരി എറിഞ്ഞുനൽകിയ സംഭവത്തിൽ കഴിഞ്ഞ മാസം പിടിയിലായ പനങ്കാവ് സ്വദേശി അക്ഷയ്യുടെ സംഘത്തിലെ പ്രധാനിയാണ് മജീഫ്. പിടിയിലായ അക്ഷയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ജയിലിനുള്ളിനെ ലഹരി കച്ചവടത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.
കൊലക്കേസ് പ്രതികളുടെ നേതൃത്വത്തിലുള്ള സംഘമാണ് ജയിലിനുള്ളിലെ ലഹരി കച്ചവടം നിയന്ത്രിക്കുന്നതെന്നായിരുന്നു പുറത്തുവന്ന വിവരം. പ്രതികൾക്ക് ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
ജയിലിന് പുറത്തുനിന്ന് എറിഞ്ഞുനൽകുന്ന ലഹരി വസ്തുക്കൾ അകത്തുള്ള സംഘം തടവുകാർക്ക് നാലിരട്ടി വിലയ്ക്ക് വിൽപ്പന നടത്തുന്നതായാണ് പോലീസ് അന്വേഷണത്തിൽ പുറത്തുവന്ന വിവരം. ഇത്തരത്തിൽ ജയിലിനുള്ളിലേക്ക് ലഹരി വസ്തുക്കൾ എറിഞ്ഞുനൽകുന്നവർക്ക് 1,000 രൂപ മുതൽ പ്രതിഫലം ലഭിക്കുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.