നിയമസഭ സമ്മേളനം ഇന്ന് തുടങ്ങും
Monday, September 15, 2025 7:26 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാറിനും പ്രതിപക്ഷത്തിനുമെതിരെ നിരവധി വിവാദങ്ങൾ കത്തി നിൽക്കെ നിയമസഭ സമ്മേളനം ഇന്ന് തുടങ്ങും. ഒക്ടോബർ 10 വരെയാണ് സമ്മേളനം.
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാന്ദൻ, മുൻ സ്പീക്കർ പി.പി. തങ്കച്ചൻ, പീരുമേട് എംഎൽഎയായിരുന്ന വാഴൂർ സോമൻ എന്നിവർക്ക് അനുശോചനം അർപ്പിച്ച് സഭ ഇന്നത്തേക്ക് പിരിയും.
ലൈംഗിക ആരോപണത്തിൽ ഉൾപ്പെട്ട പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് നിയമസഭ സമ്മേളനത്തിന് എത്തുമോ എന്നതാണ് പ്രധാന ആകാംക്ഷ. സഭാ സമ്മേളനത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കുന്നതിൽ കോൺഗ്രസിൽതന്നെ രണ്ട് അഭിപ്രായമുണ്ട്. പാർലമെന്ററി പാർട്ടിയിൽനിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്ത് നൽകിയതിനാൽ പ്രത്യേക ബ്ലോക്കിലാണ് രാഹുലിന് ഇരിപ്പിടം നൽകുക.
സംസ്ഥാനത്തെ പോലീസ് മൂന്നാംമുറ, തൃശൂരിലെ സിപിഎം നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചുള്ള ഫോൺ സംഭാഷണം, വയനാട്ടിലെ കോൺഗ്രസ് നേതാവിന്റെ ആത്മഹത്യ, അടക്കം നിരവധി രാഷ്ട്രീയ വിഷയങ്ങൾ സഭാ സമ്മേളനത്തെ പ്രക്ഷുബ്ധമാക്കും.