ഗാസ സിറ്റിയിൽ 30 പാർപ്പിട സമുച്ചയങ്ങൾ ബോംബിട്ടു തകർത്തു, 48 പേർ കൊല്ലപ്പെട്ടു
Monday, September 15, 2025 4:08 AM IST
ജറുസലം: ഗാസ സിറ്റിയിൽ ഇന്നലെ 30 പാർപ്പിട സമുച്ചയങ്ങൾ ബോംബിട്ടു തകർത്തു ഇസ്രയേൽ. 48 പേർ കൊല്ലപ്പെട്ടു. ശേഷിക്കുന്ന പലസ്തീൻകാരെയും ഇവിടെനിന്ന് കുടിയൊഴിപ്പിക്കാൻ വീടുകളും കെട്ടിടങ്ങളും നശിപ്പിക്കുന്നത് ഇസ്രയേൽ സൈന്യം തുടരുകയാണ്.
ഓഗസ്റ്റിനുശേഷം 13,000 അഭയാർഥികൂടാരങ്ങൾക്കുപുറമേ ഗാസ സിറ്റിയിൽ 1,600 പാർപ്പിടകേന്ദ്രങ്ങൾ ഇസ്രയേൽ തകർത്തെന്ന് ഗാസ അധികൃതർ പറഞ്ഞു. ഇന്നലെ രണ്ട് പലസ്തീൻകാർ പട്ടിണിമൂലം മരിച്ചു. ഇതോടെ പട്ടിണിമരണം 145 കുട്ടികളടക്കം 422 ആയി. ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ ഇതുവരെ 64,871 പലസ്തീൻകാർ കൊല്ലപ്പെട്ടു.
അതിനിടെ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്നലെ ഇസ്രയേലിലെത്തി. ബന്ദിമോചനം വേഗത്തിലാക്കുകയാണു ലക്ഷ്യമെന്ന് റൂബിയോ പറഞ്ഞു.