അപകടത്തിന് പിന്നാലെ കാണാതായ ട്രക്ക് ഡ്രൈവർ പുറത്താക്കപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ; പോലീസ് രക്ഷിച്ചു
Monday, September 15, 2025 12:10 AM IST
മുംബൈ: കാറുമായി കൂട്ടിയിടിച്ച് അപകടമുണ്ടായതിന് പിന്നാലെ കാണാതായ ട്രക്ക് ഡ്രൈവറെ പുറത്താക്കപ്പെട്ട ഐഎഎസ് ഓഫീസര്‍ പൂജ ഖേദ്കറിന്റെ പൂനെയിലെ വീട്ടില്‍ നിന്ന് കണ്ടെത്തി.
ട്രക്ക് ഡ്രൈവര്‍ പ്രഹ്ലാദ് കുമാറിനെയാണ് കണ്ടെത്തിയത്. നവി മുംബൈയിലെ ഐറോളി സിഗ്നലില്‍ വച്ചാണ് ട്രക്കും കാറും തമ്മില്‍ കൂട്ടിയിടിച്ചത്. പിന്നാലെ ഡ്രൈവറെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളെ പൂജയുടെ വീട്ടില്‍ നിന്ന് കണ്ടെത്തി പോലീസ് രക്ഷിക്കുകയായിരുന്നു.
പ്രഹ്ലാദ് കുമാര്‍ ഓടിച്ചിരുന്ന ട്രക്ക് എംഎച്ച് 12 ആര് ടി 5000 എന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. പിന്നാലെ കാറിലുണ്ടായിരുന്ന രണ്ട് പേര് പ്രഹ്ലാദ് കുമാറിനെ ബലം പ്രയോഗിച്ച് കയറ്റി കൊണ്ടുപോകുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അതേസമയം, പൂജയുടെ വീട്ടിലെത്തിയപ്പോള്‍ നാടകീയ സംഭവങ്ങളാണുണ്ടായതെന്നും പോലീസ് പറഞ്ഞു.
പൂജയുടെ അമ്മ മനോരമ ഖേദ്കര്‍ തടഞ്ഞെന്നും മോശമായി പെരുമാറിയെന്നും പോലീസ് പറയുന്നു. സംഭവത്തില്‍ മനോരമയ്ക്ക് പോലീസ് സമന്‍സ് അയച്ചിട്ടുണ്ട്.
ചോദ്യം ചെയ്യലിനായി സ്റ്റേഷനില്‍ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ പൂജയെ കേന്ദ്ര സര്‍ക്കാര്‍ ഐഎഎസ് സര്‍വീസില്‍ നിന്നും പുറത്താക്കിയിരുന്നു. വ്യാജരേഖ ചമച്ചതിനും ഭിന്നശേഷിക്കാര്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കുമുള്ള സംവരണാനുകൂല്യങ്ങള്‍ അര്‍ഹതയില്ലാതെ നേടിയെന്ന കേസുകളിലും പൂജ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു നടപടി. ഈ കേസ് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പൂജ വീണ്ടും വിവാദത്തില്‍പ്പെട്ടിരിക്കുന്നത്.