രാജ്യത്തെ 140 കോടി ജനങ്ങൾ ഒഴികെ ഒരു റിമോട്ട് കൺട്രോളും എനിക്കില്ല: പ്രധാനമന്ത്രി
Sunday, September 14, 2025 2:07 PM IST
ഗോഹട്ടി: രാജ്യത്തെ 140 കോടി ജനങ്ങളൊഴികെ ഒരു റിമോട്ട് കൺട്രോളും തനിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷൻ സിന്ദൂർ സമയത്ത് കോൺഗ്രസ് ഇന്ത്യാ വിരുദ്ധ ശക്തികൾക്കൊപ്പം നിന്നുവെന്നും പ്രധാനമന്ത്രി ആരോപിച്ചു. ആസാമിലെ ദരാംഗിലെ റാലിയിലാണ് മോദിയുടെ പ്രതികരണം.
കോൺഗ്രസ് നുഴഞ്ഞുകയറിയവരെ സഹായിക്കുകയാണ്. അതിർത്തി മേഖലകളിലെ ജനസംഖ്യാസ്ഥിതി നുഴഞ്ഞുകയറ്റക്കാരെ ഉപയോഗിച്ച് മാറ്റിമറിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.
തനിക്കെതിരെ ചീറ്റുന്ന എത് വിഷവും ശിവനെ പോലെ വിഴുങ്ങാൻ അറിയാം. എന്നാൽ ഭൂപൻ ഹസാരികയെ പോലുള്ള മഹാൻമാരെ കോൺഗ്രസ് അപമാനിക്കുന്നത് സഹിക്കില്ലെന്നും മോദി കൂട്ടിച്ചേർത്തു.