അമീബിക് മസ്തിഷ്ക ജ്വരം; അമീബികൾ അന്തരീക്ഷത്തിലും
Sunday, September 14, 2025 6:45 AM IST
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരത്തിനു കാരണമാകുന്ന അമീബകൾ വെള്ളത്തിലും ചെളിയിലും മാത്രമല്ല അന്തരീക്ഷത്തിലുമുണ്ടെന്ന് കണ്ടെത്തി. വെള്ളത്തിലും ചെളിയിലും കാണപ്പെടുന്ന ‘നേഗ്ലറിയ ഫൗലേറി’ അമീബയ്ക്കു പുറമെ രോഗകാരണമാകുന്ന ‘അക്കാന്ത അമീബ’യുടെ സാന്നിധ്യമാണ് അന്തരീക്ഷത്തിൽ കണ്ടെത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ച അമീബിക് മസ്തിഷ്കജ്വരത്തിൽ ഭൂരിഭാഗവും അക്കാന്ത അമീബ കാരണമാണ്. അന്തരീക്ഷത്തിലുള്ള അമീബ, ജലകണങ്ങളുമായി ചേർന്ന് ശരീരത്തിലെത്തുന്നതാണ് രോഗകാരണമാകുന്നത്.
കുളിക്കുമ്പോൾ ജലത്തിലൂടെ മൂക്കിൽ പ്രവേശിക്കുന്നതാണ് അപകടകരം. രോഗം റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയ ആദ്യകാലങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലെ അമീബയാണ് രോഗകാരണമെന്നായിരുന്നു ആരോഗ്യവകുപ്പ് കണ്ടെത്തിയത്. വീടുകളിൽ കുളിച്ചവർക്കും നിലവിൽ രോഗബാധ സ്ഥിരീകരിക്കുന്നുണ്ട്.
സാപ്പിനിയ, ബാലമുത്തിയ വെർമമീബ എന്നിവയും അമീബിക് മസ്തിഷ്കജ്വരമുണ്ടാക്കുന്നുണ്ട്. സംസ്ഥാനത്ത് ഈവർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 17 പേരാണ് മരിച്ചത്. ഇതുസംബന്ധിച്ച കണക്കുകൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടു. ഈ വർഷം ഇതുവരെ രോഗം സ്ഥിരീകരിച്ചത് 66 പേർക്കാണ്. ഈ മാസം രോഗം സ്ഥിരീകരിച്ച 19 രോഗികളിൽ ഏഴുപേരും മരിച്ചു.