ഇസ്രയേൽ വ്യോമാക്രമണം ശക്തം; ഗാസ നഗരം വിട്ടുപോയത് രണ്ടര ലക്ഷത്തിലധികം പേർ
Sunday, September 14, 2025 3:12 AM IST
ജറുസലം: സ്വന്തം സുരക്ഷയ്ക്കായി ഗാസ നഗരം വിട്ടുപോകുന്നവരുടെ എണ്ണം കൂടുന്നു. വ്യോമാക്രമണം ശക്തമാക്കിയതിനെത്തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ രണ്ടര ലക്ഷത്തിലധികം പേരാണ് ഗാസ നഗരം വിട്ടുപോയതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.
ഗാസയിൽ തുടർച്ചയായി വ്യോമാക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ശനിയാഴ്ച പടിഞ്ഞാറൻ ജില്ലകളിലെ താമസക്കാരെ ഒഴിപ്പിക്കാൻ ആഹ്വാനം ചെയ്യുന്ന ലഘുലേഖകൾ ഇസ്രയേൽ സൈന്യം വിതരണം ചെയ്തിരുന്നു. ഹമാസിനെ നേരിടാൻ സൈന്യം ദൃഢനിശ്ചയം ചെയ്തിരിക്കുന്നതിനാൽ നിങ്ങളുടെ പ്രദേശത്ത് ഇസ്രയേൽ ശക്തമായ ആക്രമണത്തിന് ഒരുങ്ങുകയാണെന്നും നിങ്ങളുടെ സുരക്ഷയ്ക്കായി ഗാസയുടെ തെക്ക് ഭാഗത്തുള്ള അൽ-റാഷിദ് സ്ട്രീറ്റ് വഴി ഉടൻ ഒഴിഞ്ഞുപോകാനുമാണ് ലഘുലേഖയിൽ പറയുന്നത്.
അതേസമയം, ഗാസ സിറ്റിയിൽ തുടരുന്ന ഇസ്രയേൽ ആക്രമണത്തിൽ ഇന്നലെ 32 പേർ കൂടി കൊല്ലപ്പെട്ടു. 12 പേർ കുട്ടികളാണ്. ഇന്നലെ ഏഴ് പേർ കൂടി മരിച്ചതോടെ ഗാസയിൽ പട്ടിണിമരണങ്ങൾ 420 ആയി. യമൻ തലസ്ഥാനമായ സനായിൽ ഹൂതികൾക്കെതിരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ താമസകേന്ദ്രങ്ങൾ തകർന്നടിഞ്ഞു. ബുധനാഴ്ച മാത്രം 46 പേർ കൊല്ലപ്പെട്ടു.