ദുർമന്ത്രവാദ ക്രിയ; കൊഴിഞ്ഞാമ്പാറയിൽ രണ്ട് പേർ പുഴയിൽ മുങ്ങി മരിച്ചു
Sunday, September 14, 2025 12:23 AM IST
പാലക്കാട്: കൊഴിഞ്ഞാമ്പാറ കുലുക്കപ്പാറയിലെ പുഴയിൽ രണ്ട് പേർ മുങ്ങി മരിച്ചു. കൊഴിഞ്ഞാമ്പറ സ്വദേശി ഹസൻ മുഹമ്മദ്, കോമ്പത്തൂർ സ്വദേശി യുവരാജ് എന്നിവരാണ് മരിച്ചത്. ദുർമന്ത്രവാദവുമായി ബന്ധപ്പെട്ട ക്രിയകൾക്കായി പുഴയിലിറങ്ങിയപ്പോഴാണ് അപകടമുണ്ടായതെന്ന് പറയപ്പെടുന്നു.
മന്ത്രവാദിയായ ഹസൻ മുഹമ്മദിന്റെ പള്ളിത്തെരുവിലെ വീട്ടിലാണ് ക്രിയകൾ നടന്നത്. പുഴയിൽ ഇരുവരും ഇറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. യുവരാജ്, ഇയാളുടെ അമ്മ, സഹോദരി, അവരുടെ ഭർത്താവ് ഉൾപ്പെടെ നാല് പേരാണ് ഹസൻ മുഹമ്മദിന്റെ അടുത്ത് കോയമ്പത്തൂരിൽനിന്ന് എത്തിയത്.
മകനു ജോലി ശരിയാകാത്തതിനെ തുടർന്നാണ് കുടുംബം മന്ത്രവാദത്തിനായി ഹസൻ മുഹമ്മദിനെ സമീപിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഇവർ ആദ്യം എത്തിയത്. ഒരാഴ്ച കഴിഞ്ഞ് വീണ്ടും വരാൻ ഹസൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് ഇന്ന് രാവിലെ 10.30ഓടെ കുടുംബം ഇവിടെയെത്തിയത്.