ധനസഹായം ലഭിക്കാൻ ഭർത്താവിനെ വിഷം കൊടുത്ത് കൊന്നു; ഭാര്യ പിടിയിൽ
Saturday, September 13, 2025 5:04 AM IST
മൈസൂരു: ധനസഹായം ലഭിക്കാൻ ഭർത്താവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ ഭാര്യ പിടിയിൽ. ഭർത്താവിനെ കടുവ പിടിച്ചെന്ന് പ്രചരിപ്പിച്ചാണ് ഭാര്യ സല്ലാപുരി വിഷം കൊടുത്ത് കൊലപ്പെടുത്തിയത്.
കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കുള്ള സഹായം തട്ടിയെടുക്കാനാണ് 45കാരൻ വെങ്കിട സ്വാമിയെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് ഭർത്താവിനെ പുലി കൊന്നെന്ന വിവരം ഭാര്യ നാട്ടുകാരെ അറിയിച്ചത്. പക്ഷേ വനം വകുപ്പിന്റെ പഴുതടച്ച നീക്കം ഭാര്യയുടെ കള്ളത്തരം പൊളിച്ചു. വനം വകുപ്പിന്റെ പണം തട്ടുകയെന്ന ലക്ഷ്യത്തോടെ ഭാര്യ തന്നെയാണ് ഭർത്താവിനെ കൊന്നതെന്ന് പോലീസ് കണ്ടെത്തി.
മൈസൂരുവിലെ ഹുൻസൂർ താലൂക്കിലാണ് സംഭവം. മൃതദേഹ ഭാഗങ്ങളോ മറ്റ് തെളിവോ കിട്ടാതെവന്നതോടെ സംശയം തോന്നിയ വനം വകുപ്പും പോലീസിനും സല്ലാപുരിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ സംഭവം കൊലപാതകം ആണെന്ന് കണ്ടെത്തി. വിഷം കൊടുത്തു കൊന്ന വെങ്കിടസ്വാമിയുടെ മൃതദേഹം വീടിന് പിന്നിലെ കുഴിയിൽനിന്നു കണ്ടെത്തി.