എയര്‍ ആംബുലന്‍സ് ലഭിച്ചില്ല; അടിയന്തര ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി 13കാരിയുടെ യാത്ര വന്ദേഭാരതില്‍
Friday, September 12, 2025 6:24 PM IST
കൊല്ലം: എയര്‍ ആംബുലന്‍സ് ലഭിക്കാത്തതിനാൽ അടിയന്തര ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി 13കാരിയുടെ യാത്ര വന്ദേഭാരതില്‍. അഞ്ചല്‍ ഏരൂര്‍ സ്വദേശിയായ കുട്ടിയെയാണ് വന്ദേഭാരതില്‍ എറണാകുളത്തേക്കെത്തിക്കുന്നത്.
കൊച്ചി ലിസി ആശുപത്രിയിലാണ് ശസ്ത്രക്രിയ. തിരുവനന്തപുരം ശ്രീചിത്രയിലായിരുന്നു കുട്ടി ചികിത്സയിൽ കഴിഞ്ഞിരുന്നത്. എറണാകുളം ലിസി ഹോസ്പിറ്റലിലും ചികിത്സ തേടിയിരുന്നു.
ഹൃദയമാറ്റ ശസ്ത്രക്രിയക്കുള്ള സജ്ജീകരണങ്ങൾ പൂർത്തിയായതായി വെള്ളിയാഴ്ച ഉച്ചയോടെയാണ് അറിയിപ്പ് എത്തിയത്. അടിയന്തരമായി എത്തണമെന്ന് അറിയിച്ചതോടെ എയർ ആംബുലൻസിന്റെ സഹായം തേടിയെങ്കിലും കിട്ടിയില്ല.
തുടർന്ന് എന്‍.കെ.പ്രേമചന്ദ്രൻ എംപിയെ ബന്ധപ്പെട്ടതോടെ എംപി ക്വാട്ടയില്‍ വന്ദേഭാരതില്‍ കുട്ടിയെ കൊച്ചിയിലെത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. 4.55ന് വന്ദേഭാരത് കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടു.