ഏത് ബാങ്കിലാണ് കോടികളുടെ അക്കൗണ്ട്? വെറും 100 രൂപയിൽ കൂടുതൽ കാണില്ല: എം.കെ. കണ്ണൻ
Friday, September 12, 2025 3:57 PM IST
തൃശൂർ: തനിക്കെതിരെ ഉയരുന്ന ശബ്ദരേഖാ ആരോപണങ്ങൾക്ക് പ്രതികരണവുമായി മുതിർന്ന സിപിഎം നേതാവ് എം.കെ. കണ്ണൻ. ഏത് ബാങ്കിലാണ് തനിക്ക് കോടികളുടെ അക്കൗണ്ടുള്ളതെന്നും 100 രൂപയിൽ കൂടുതലുള്ള ഒരു അക്കൗണ്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ശബ്ദസംഭാഷണത്തിന് പിന്നിൽ പ്രവർത്തിച്ച രണ്ടുപേരും പാർട്ടിക്ക് പുറത്തായി. താൻ അങ്ങനെ സംസാരിച്ചിട്ടില്ലെന്നാണ് ശരത് പറഞ്ഞത്. തന്റെ സാമ്പത്തിക സ്ഥിതി ഇഡി അന്വേഷിച്ചിരുന്നുവെന്നും എം.കെ. കണ്ണൻ കൂട്ടിച്ചേർത്തു.
സിപിഎം നേതാക്കൾ ഒരു ഘട്ടം കഴിഞ്ഞാൽ സാമ്പത്തികമായി ലെവൽ മാറുമെന്ന് ചൂണ്ടിക്കാട്ടി ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി ശരത് പ്രസാദ് പറയുന്ന ശബ്ദരേഖയാണ് വിവാദമായത്.
മുതിര്‍ന്ന സിപിഎം നേതാവ് എം.കെ. കണ്ണന് കോടാനുകോടി സ്വത്തുണ്ടെന്നും അപ്പർ ക്ലാസിന്റെ ഇടയിൽ ഡീലിംഗ് നടത്തുന്ന ആളാണ് മുന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ എന്നും ശരത് പ്രസാദ് പറയുന്നു. ഏരിയാ സെക്രട്ടറിക്ക് പരമാവധി പതിനായിരം രൂപയാണ് പിരിവ് നടത്തിയാല്‍ മാസം കിട്ടുന്നത്. ജില്ലാ ഭാരവാഹി ആയാല്‍ അത് 25,000 ത്തിന് മുകളിലാകും. പാര്‍ട്ടി കമ്മിറ്റിയില്‍ വന്നാല്‍ 75,000 മുതല്‍ ഒരുലക്ഷം വരെയാകും പിരിവെന്നും ശരത് ചന്ദ്രന് പറയുന്നു.
"ഇന്ററാക്ട് ചെയ്യുന്ന സാമ്പത്തിക നിലവാരത്തിന് അനുസരിച്ചാണ് പിന്നീടുളള നമ്മുടെ ജീവിതം. സിപിഎം നേതാക്കള്‍ അവരവരുടെ കാര്യം നോക്കാന്‍ നല്ല മിടുക്കരാണ്. എം.കെ. കണ്ണന് കോടാനുകോടി സ്വത്തുണ്ട്. രാഷ്ട്രീയം കൊണ്ട് രക്ഷപ്പെട്ടതാണ്. കപ്പലണ്ടി കച്ചവടമായിരുന്നു. വലിയ വലിയ ഡീലേഴ്സ് ആണ് അവര്‍. വര്‍ഗീസ് കണ്ടന്‍കുളത്തി നിസാര ഡീലിംഗ് ആണോ നടത്തുന്നത്? അനൂപ് കാട, എ.സി. മൊയ്തീന് ഒക്കെ വലിയ ഡീലിംഗാണ് നടത്തുന്നത്. അപ്പര്‍ ക്ലാസിന്റെ ഇടയില്‍ ഡീലിംഗ് നടത്തുന്ന ആളാണ് എ.സി. മൊയ്തീന്'- എന്നും ശബ്ദസന്ദേശത്തിൽ പറയുന്നു.
അതേസമയം, അഞ്ചുവര്‍ഷം മുന്പുളള ഓഡിയോ സന്ദേശമാണ് പുറത്തുവന്നതെന്ന് ശരത് പ്രസാദ് പ്രതികരിച്ചു. കരുവന്നൂര്‍ വിഷയം നടക്കുമ്പോഴുളള സംസാരമായിരുന്നു അതെന്നും നടത്തറ സഹകരണ ബാങ്ക് വിഷയവുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ഓഡിയോ പുറത്തുവന്നിരിക്കുന്നതെന്നും ശരത് പറയുന്നു.
ഒന്നിച്ചിരുന്ന് സംസാരിച്ചപ്പോള്‍ റെക്കോര്‍ഡ് ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല. തനിക്കൊപ്പം കമ്മിറ്റിയില്‍ ഉണ്ടായിരുന്നവരാണ് ഓഡിയോ പുറത്തുവിട്ടതെന്നും ശരത് കൂട്ടിച്ചേര്‍ത്തു.