പേരൂർക്കട വ്യാജ മാലമോഷണക്കേസ്: പോലീസിന്റേത് സിനിമയെ വെല്ലുന്ന തിരക്കഥ, പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് പുറത്ത്
Friday, September 12, 2025 1:45 PM IST
തിരുവനന്തപുരം: പേരൂര്‍ക്കടയിലെ വീട്ടില്‍ നിന്നും സ്വര്‍ണമാല മോഷണം പോയെന്ന വ്യാജ കേസില്‍ പോലീസ് നടത്തിയത് സിനിമയെ വെല്ലുന്ന തിരക്കഥയെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്.
വീട്ടുജോലിക്കാരിയായ ബിന്ദുവിനെ കള്ളക്കേസില്‍ കുടുക്കാന്‍ എസ്ഐ ഉള്‍പ്പെടെയുള്ള പോലീസുകാര്‍ ശ്രമിച്ചെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. വീട്ടുടമ ഓമന ഡാനിയലിന്റെ സ്വര്‍ണമാല കാണാതെ പോയെന്ന് പരാതി നല്‍കിയെങ്കിലും പിന്നീട് മാല സോഫയുടെ അടിയില്‍ നിന്നും കണ്ടെത്തിയ വിവരം ഓമനയും മകളും പേരൂര്‍ക്കട സ്റ്റേഷനിലെ എസ്ഐയോട് പറഞ്ഞിരുന്നു.
എന്നാല്‍ മാല കിട്ടിയ കാര്യം പുറത്ത് പറയേണ്ടെന്ന് എസ്ഐ നിര്‍ദേശിച്ചിരുന്നുവെന്നും അതിനാലാണ് മാല കിട്ടിയില്ലെന്ന് മാറ്റി പറഞ്ഞതെന്നുമാണ് ഓമന ഡാനിയേല്‍ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്. ചവര്‍കൂനയില്‍ നിന്നും മാല കിട്ടിയെന്ന് പറയാന്‍ നിര്‍ദേശിച്ചതും പോലീസാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
പേരൂര്‍ക്കട പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ തിരക്കഥ തുറന്ന് കാട്ടുന്നതാണ് പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പി തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
തന്നെ കള്ളക്കേസില്‍ കുടുക്കിയെന്ന് കാട്ടി വീട്ടുജോലിക്കാരി ബിന്ദു സംസ്ഥാന പോലീസ് മേധാവിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന് ജില്ലയ്ക്ക് പുറത്തുള്ള അന്വേഷണ ഉദ്യോഗസ്ഥന് അന്വേഷിക്കണമെന്ന് ഉത്തരവിട്ടത്.
അതേസമയം തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചവര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നും തനിക്ക് നീതി കിട്ടണമെന്നാണ് ബിന്ദുവിന്റെ ആവശ്യം.