പുൽപ്പള്ളി തങ്കച്ചൻ കേസ്: ആരോപണവിധേയനായ പഞ്ചായത്ത് അംഗം ജോസ് നെല്ലേടം മരിച്ച നിലയിൽ
Friday, September 12, 2025 12:32 PM IST
പുൽപ്പള്ളി: വയനാട് പുൽപ്പള്ളി തങ്കച്ചൻ കേസിൽ ആരോപണവിധേയനായ പഞ്ചായത്ത് അംഗം മരിച്ച നിലയിൽ. മുള്ളൻകൊല്ലി പഞ്ചായത്ത് രണ്ടാം വാർഡ് അംഗവും കോൺഗ്രസ് നേതാവുമായ പെരിക്കല്ലൂർ മൂന്നുപാലം ജോസ് നെല്ലേടം (57) ആണ് മരിച്ചത്. വീടിന് അടുത്തുള്ള കുളത്തിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അദ്ദേഹത്തിന്റെ കൈഞരമ്പ് മുറിച്ചിരുന്നു. വിഷം കഴിച്ചതായും സംശയുമുണ്ട്. ഉടൻതന്നെ പുൽപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ബത്തേരിയിലെ താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തങ്കച്ചന്റെ വീട്ടിൽ നിന്ന് മദ്യവും സ്ഫോടക വസ്തുക്കളും കണ്ടെത്തിയ സംഭവത്തിന് പിന്നിൽ ജോസ് നെല്ലേടം ഉൾപ്പെടെയുള്ളവരാണെന്ന് തങ്കച്ചൻ ആരോപിച്ചിരുന്നു. കേസിലെ ഗൂഢാലോചനയിൽ അന്വേഷണം നടക്കവെയാണ് സംഭവം.