രാഹുലിന്റെ സസ്പെൻഷൻ സ്പീക്കറെ അറിയിക്കാൻ വി.ഡി. സതീശൻ; സഭയിലെത്തുന്നതിൽ കോൺഗ്രസിൽ ഭിന്നത
Friday, September 12, 2025 10:11 AM IST
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാർലമെന്ററി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി സ്പീക്കറെ അറിയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കത്ത് നല്‍കും. രാഹുൽ ഇനി സഭയിൽ പ്രത്യേക ബ്ലോക്ക് ആയിരിക്കും.
അതേസമയം, രാഹുല്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസില്‍ ഭിന്നതയുണ്ട്. രാഹുലിനെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കരുതെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അടക്കം ഒരു വിഭാഗം നേതാക്കള്‍ നിലപാട് സ്വീകരിക്കുന്നത്.
രാഹുൽ നിയമസഭയിലെത്തിയാല്‍ പ്രതിപക്ഷം പ്രതിരോധത്തിലാകുമെന്നും സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാനുള്ള അവസരം നഷ്ടമാകുമെന്നുമാണ് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടുന്നത്. എന്നാൽ രാഹുൽ നേരിടുന്നതിന് സമാനമായ ആരോപണങ്ങള്‍ നേരിടുന്നവര്‍ ഭരണപക്ഷത്തിരിക്കുമ്പോൾ രാഹുലിനെ വിലക്കുന്നത് എങ്ങനെയെന്ന ചോദ്യമാണ് ഒരു വിഭാഗം നേതാക്കൾ ഉയർത്തുന്നത്.
എ ഗ്രൂപ്പിനും പാർട്ടിയിൽ ഒരു വിഭാഗത്തിനും രാഹുൽ സഭയിൽ വരട്ടെയെന്ന നിലപാടാണ് ഉള്ളത്. എംഎൽഎയെ വിലക്കാൻ പാർട്ടിക്ക് കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. സഭയിൽ വരുന്നതിൽ രാഹുൽ സ്വയം തീരുമാനിക്കട്ടെ എന്ന നിലപാടിലാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കൾ.