വനവിഭവങ്ങൾ ശേഖരിക്കുന്നതിനിടെ ആദിവാസിയുവതി പ്രസവിച്ചു, കുട്ടി പൂർണ ആരോഗ്യവതി
Friday, September 12, 2025 7:56 AM IST
വണ്ടിപ്പെരിയാർ: കാട്ടിൽ ഭർത്താവിനും കുടുംബാംഗങ്ങൾക്കും ഒപ്പം വനവിഭവങ്ങൾ ശേഖരിക്കുന്നതിനിടെ ആദിവാസിയുവതി പ്രസവിച്ചു. വ്യാഴാഴ്ച രാവിലെ ഒൻപതരയോടെ വള്ളക്കടവ് ചെക്ക് പോസ്റ്റിന് സമീപമായിരുന്നു സംഭവം.
വള്ളക്കടവ് റേഞ്ചിന് കീഴിൽ കാട്ടിൽ താമസിക്കുന്ന ബിന്ദു (24) ആണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. ഭർത്താവ് സുരേഷ് ആരോഗ്യവകുപ്പിൽ ഫോണിൽ വിളിച്ച് വിവരമറിയിച്ചതോടെ ഉടൻ കുമളി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകർ കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. അമ്മ ആരോഗ്യ പ്രവർത്തകർക്കൊപ്പം ആശുപത്രിയിലേക്ക് പോകാൻ തയാറായില്ല.
കുട്ടി പൂർണ ആരോഗ്യവതിയാണെന്ന് ഉറപ്പായതോടെ കുട്ടിയെ രക്ഷകർത്താക്കളുടെ അടുത്ത് എത്തിച്ചു. വീണ്ടും തുടർചികത്സയ്ക്കായി കുട്ടിയെയും മാതാവിനെയും ആശുപത്രിയിൽ കൊണ്ടുപോകാൻ ആരോഗ്യവകുപ്പ് അധികൃതർ ശ്രമിച്ചെങ്കിലും ബിന്ദുവും കുടുംബാംഗങ്ങളും തയാറായില്ല. തുടർന്ന് കുടുംബശ്രീ പ്രവർത്തകരെയും പട്ടികവർഗവകുപ്പിലെ ജീവനക്കാരെയും ഇവരുടെ പരിചരണത്തിനായി ഏൽപ്പിച്ച് ആരോഗ്യവകുപ്പ് അധികൃതർ മടങ്ങി.