മണിപ്പുരില്‍ ബിജെപി അംഗങ്ങളുടെ കൂട്ടരാജി
Friday, September 12, 2025 1:33 AM IST
ഇംഫാല്‍: മണിപ്പുരിലെ നാഗാ ഭൂരിപക്ഷ ജില്ലയിൽ ബിജെപി അംഗങ്ങള്‍ കൂട്ടമായി രാജിവച്ചു. മണിപ്പുരിലെ ഉഖ്രുല്‍ ജില്ലയിലെ ഫുന്‍ഗ്യര്‍ മണ്ഡലത്തില്‍ 43 ബിജെപി അംഗങ്ങളാണ് വ്യാഴാഴ്ച രാജിവെച്ചതായ വിവരം പാര്‍ട്ടി ഭാരവാഹി പുറത്തുവിട്ടത്.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് രാജി. രാജിവച്ചവരില്‍ മണ്ഡലം പ്രസിഡന്റ്, മഹിളാ, യുവ, കിസാന്‍ മോര്‍ച്ചകളുടെ തലവന്മാരും മണ്ഡലത്തിലെ ബൂത്ത് പ്രസിഡന്റുമാരും ഉള്‍പ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന ബിജെപി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.
രാജിവച്ച നേതാക്കള്‍ നല്കിയ പ്രസ്താവന എന്ന തരത്തില്‍ പ്രചരിക്കുന്ന കുറിപ്പില്‍ പാര്‍ട്ടിക്കുള്ളിലെ നിലവിലെ അവസ്ഥയില്‍ തങ്ങള്‍ക്ക് കടുത്ത ആശങ്കയുണ്ടെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. കൂടിയാലോചനകളുടെ അഭാവം, എല്ലാവരെയും ഉള്‍ക്കൊള്ളാത്ത നിലപാട്, താഴെത്തട്ടിലുള്ള നേതൃത്വത്തോടുള്ള ബഹുമാനക്കുറവ് എന്നീ കാരണങ്ങളെല്ലാം രാജിവയ്ക്കുന്നതിലേക്ക് നയിച്ചെന്നും പറയുന്നു.
2023ലെ വംശീയ കലാപത്തിനു ശേഷം മണിപ്പുരിലേക്ക് പ്രധാനമന്ത്രി നടത്തുന്ന ആദ്യത്തെ സന്ദര്‍ശനമാണിത്. കലാപത്തിൽ 260 പേർ മരിക്കുകയും ആയിരങ്ങളെ ഭവനരഹിതരാക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി ശനിയാഴ്ച മണിപ്പുരില്‍ എത്താനാണ് സാധ്യത. ഫെബ്രുവരിയില്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗ് രാജിവച്ചതിനെതുടര്ന്ന് കേന്ദ്രം മണിപ്പുരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരുന്നു.