അരങ്ങൊഴിഞ്ഞത് യുഡിഎഫിനെ പ്രതിസന്ധി ഘട്ടങ്ങളില്‍ നയിച്ച മുന്നണി പോരാളി
Thursday, September 11, 2025 5:53 PM IST
കോട്ടയം: ഒരു വ്യാഴവട്ടക്കാലത്തോളം യുഡിഎഫിനെ നയിച്ച പി.പി. തങ്കച്ചന് ഓര്‍മയാകുമ്പോള്‍ കോണ്‍ഗ്രസിന് നഷ്ടമാകുന്നത് പ്രതിസന്ധി കാലത്ത് പ്രസ്ഥാനത്തെ അമരത്ത് നിന്ന് നയിച്ച മുന്നണി പോരാളിയെ കൂടിയാണ്. 2004ല്‍ എ.കെ. ആന്റണിയ്ക്ക് പകരമായി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി പദത്തിലെത്തുമ്പോള്‍ അദേഹത്തിന് പകരക്കാരനായാണ് പി.പി. തങ്കച്ചന് യുഡിഎഫ് കണ്‍വീനര്‍ പദവിയിലെത്തുന്നത്.
ഇക്കാലത്ത് തന്നെയാണ് യുഡിഎഫ് ചരിത്രത്തിലെ എക്കാലത്തെയും പ്രതിസന്ധികളിലൂടെ കടന്നുപോയതും. 2011ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ ആയിരുന്നു ബാര്‍ കോഴ വിവാദവും സോളാര്‍ കേസും ഉള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ പാര്‍ട്ടിയും മുതിര്‍ന്ന നേതാക്കളും ഉള്‍പ്പെടുന്നത്.
യുഡിഎഫ് സര്‍ക്കാര്‍ തുടരെ ആരോപണങ്ങളില്‍ അടിപതറുമ്പോഴും ഗ്രൂപ്പ് തര്‍ക്കങ്ങളെ തുടര്‍ന്ന് സര്‍ക്കാരിനും മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയ്ക്കുമെതിരെ നേതാക്കള്‍ പരസ്യ പ്രസ്താവനകളുമായി പടയൊരുക്കം നടത്തുമ്പോഴും പാര്‍ട്ടിയെ സംരക്ഷിക്കാന്‍ പി.പി. തങ്കച്ചന് യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയിലും പാര്‍ട്ടി പ്രവര്ത്തകന് എന്ന നിലയിലും ശക്തമായ പ്രതിരോധം തീര്‍ത്തു.
ഘടകക്ഷികളെ ഏകോപിപ്പിക്കുന്നതിലും സര്‍ക്കാരിനെ സംരക്ഷിക്കുന്നതിലും പി.പി. തങ്കച്ചന് അതീവ ജാഗ്രത പുലര്‍ത്തിയിരുന്നു. കെ.എം. മാണി യുഡിഎഫ് വിട്ടതിന് പിന്നാലെ അദ്ദേഹത്തിന് എപ്പോള്‍ വേണമെങ്കിലും യുഡിഎഫിലേക്ക് മടങ്ങിവരാമെന്ന് പ്രഖ്യാപിച്ച് ഒരേ സമയം പാര്‍ട്ടി താത്പര്യങ്ങളെയും ഘടകക്ഷികളെയും സംതൃപ്തിപ്പെടുത്തുന്ന നിലപാട് സ്വീകരിച്ച പി.പി. തങ്കച്ചന് വ്യക്തി താത്പര്യത്തിന് ഉപരിയായി യുഡിഎഫ് താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശ്രദ്ധ പുലര്‍ത്തിയിരുന്നു.
ബാര്‍കോഴ വിവാദവും സോളാര്‍ വിവാദവും കത്തിപ്പടരുന്ന കാലത്ത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ പരസ്യപ്രസ്താവനകളുമായി രംഗത്തെത്തിയ കെ. മുരളീധരനെ പി.പി. തങ്കച്ചന് വിമര്‍ശിച്ചിരുന്നു. എന്നാല്‍ യുഡിഎഫ് കണ്‍വീനര്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ വിമര്‍ശിക്കേണ്ടെന്നും അതിന് കെപിസിസി പ്രസിഡന്റുണ്ടെന്നുമായിരുന്നു മുരളീധരന്റെ നിലപാട്. എന്നാല്‍ ഇതിന് പിന്നാലെ മുരളീധരന് പറയുന്നതും ശരിയാണെന്നായിരുന്നു പി.പി. തങ്കച്ചന് മാധ്യമങ്ങള്‍ക്ക് നല്കിയ മറുപടി. തന്റെ പ്രസ്താവനകള്‍ പാര്‍ട്ടിയ്ക്കുള്ളിലെ പ്രതിസന്ധികളായി രൂപപ്പെടാതിരിക്കാനും പി.പി. തങ്കച്ചന് അതീവ ജാഗ്രത പുലര്‍ത്തിയിരുന്നു.
2018ല്‍ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് പി.പി. തങ്കച്ചന് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയുമ്പോള്‍ ബെന്നി ബെഹന്നാനെ തന്റെ പിന്‍ഗാമിയായി കണ്ടെത്തിയിരുന്നു. പെരുമ്പാവൂര്‍ എംഎല്‍എ, നിയമസഭ സ്പീക്കര്‍, കൃഷി മന്ത്രി എന്നീ നിലകളിലും പി.പി. തങ്കച്ചന് പ്രവര്‍ത്തിച്ചിട്ടുണ്ട്.