മദ്യലഹരിയിൽ വാഹനപരിശോധന; വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
Thursday, September 11, 2025 5:27 PM IST
കൊച്ചി: തൃക്കാക്കരയിൽ മദ്യലഹരിയിൽ വാഹന പരിശോധന നടത്തിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനു എൻ.എസ് നെ സസ്പെൻഡ് ചെയ്തു. വകുപ്പ്തല അന്വേഷണത്തിന് ഉത്തരവിട്ടതായും ഗതാഗത കമ്മീഷണർ അറിയിച്ചു.
തൃക്കാക്കര തോപ്പിൽ ജംഗ്ഷനിൽ ബുധനാഴ്ച രാത്രി 10നായിരുന്നു സംഭവം. തൃക്കാക്കരയിൽ മത്സ്യവിൽപ്പന നടത്തുകയായിരുന്ന കുടുംബത്തിൽനിന്ന് പിഴ ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ഉദ്യോഗസ്ഥൻ മദ്യപിച്ചിട്ടുള്ള കാര്യം മനസിലാക്കിയതും പോലീസിനെ വിവരം അറിയിച്ചതും.
മത്സ്യവിൽപ്പന നടത്തുന്നതിന് തൊട്ടടുത്ത് തന്നെ ഒരു ഓട്ടോറിക്ഷ കിടക്കുന്നുണ്ടായിരുന്നു. ഇത് ആരുടെ ഓട്ടോ ആണെന്ന് ചോദിച്ചപ്പോൾ തന്റെ ഭർത്താവിന്റേതാണെന്ന് യുവതി മറുപടിനൽകി.
ഇതോടെ, ഓട്ടോയുമായി ബന്ധപ്പെട്ട് ഒരു പരാതിയുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. യാത്രക്കാരെ കയറ്റേണ്ട വാഹനത്തിൽ ഗുഡ്സ് കയറ്റി എന്നാണ് പരാതിയെന്നും മൂവായിരം രൂപ പിഴയടക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ, ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ നാട്ടുകാർ ഇടപെടുകയായിരുന്നു. ഇതോടെയാണ് ഇയാൾ മദ്യപിച്ചിട്ടുണ്ട് എന്ന് മനസിലാകുന്നത്. കൂടാതെ ഇയാൾ യൂണിഫോമിലും ആയിരുന്നില്ല. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ പോലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് മദ്യപിച്ചിട്ടുണ്ടെന്നുള്ള കാര്യം വ്യക്തമായത്.
സംഭവത്തിൽ മോശമായി സംസാരിച്ചതടക്കം ചൂണ്ടിക്കാണിച്ച് മത്സ്യവിൽപ്പന നടത്തിയിരുന്ന കുടുംബം തൃക്കാക്കര പോലീസിൽ പരാതി അറിയിച്ചിട്ടുണ്ട്.