ദേശീയപാതാ ജോലികൾ വേഗം പൂർത്തീകരിക്കണം, മെല്ലെപ്പോക്ക് നടത്തുന്നവർക്കെതിരേ കർശന നടപടി വേണം: മുഖ്യമന്ത്രി
Thursday, September 11, 2025 3:20 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാതാ പ്രവൃത്തികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയപാതയുമായി ബന്ധപ്പെട്ട് ചേർന്ന റിവ്യൂ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം നിർദേശിച്ചത്. മെല്ലെപ്പോക്ക് നടത്തുന്ന കരാറുകാർക്കെതിരെ കർശന നടപടിയിലേക്ക് നീങ്ങണമെന്നും മുഖ്യമന്ത്രി ദേശീയപാതാ അധികൃതരോട് ആവശ്യപ്പെട്ടു.
ദേശീയപാതാ അതോറിറ്റി പൊതുവിൽ നല്ല പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്. എന്നാൽ, ചില മേഖലകളിൽ സ്തംഭനമുണ്ട്. വടകര, തുറവൂർ, തിരുവനന്തപുരം ഉൾപ്പെടെ ചില സ്ഥലങ്ങളിലെങ്കിലും പ്രവൃത്തി മന്ദഗതിയിലാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
നിർമാണ പ്രവൃത്തിക്ക് തടസമുണ്ടാകരുത്. പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ ബന്ധപ്പെട്ട ജില്ലാകളക്ടറും പോലീസ് മേധാവിയും മുൻകൈയെടുക്കണം. കേരളത്തിന്റെ ഭൂമിശാസ്ത്രവും ജനസാന്ദ്രതയും കണക്കിലെടുത്ത് വേണം പ്രവൃത്തികൾ നടത്താനെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, വ്യവസായ മന്ത്രി പി. രാജീവ്, വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് തുടങ്ങിയവർ പങ്കെടുത്തു.