ആഭ്യന്തരവകുപ്പിനെ തഴുകലും പോലീസിനെ വെള്ളപൂശലും: ബിനോയ് വിശ്വത്തിനെതിരേ സിപിഐ സമ്മേളനത്തിൽ രൂക്ഷവിമർശനം
Thursday, September 11, 2025 2:26 PM IST
ആലപ്പുഴ: കസ്റ്റഡിമർദനങ്ങളിൽ പോലീസിനെ വെള്ളപൂശുന്ന സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ ആഞ്ഞടിച്ച് സിപിഐ സമ്മേളന പ്രതിനിധികൾ. ആഭ്യന്തര വകുപ്പിനെ തഴുകുന്നത് എന്തിനെന്നും സംസ്ഥാന സെക്രട്ടറി പോലീസിനെ വെള്ളപൂശുന്നത് എന്തിനാണെന്നും പൊതുചർച്ചയിൽ പ്രതിനിധികള്‍ വിമർശനമുന്നയിച്ചു.
തെറ്റുകൾ കണ്ടാൽ അതിനെതിരെ സംസാരിച്ചിരുന്ന നേതൃത്വം സിപിഐക്ക് ഉണ്ടായിരുന്നുവെന്നും വെളിയവും ചന്ദ്രപ്പനും നയിച്ച പാർട്ടിയാണിതെന്നും ബിനോയ് വിശ്വം അതോർക്കണമെന്നും പ്രതിനിധികൾ ചൂണ്ടിക്കാണിച്ചു.
തൃശൂർ പൂരം കലക്കലിൽ വിവാദമുണ്ടായിട്ടും പാർട്ടി പ്രതിരോധിച്ചോയെന്നും പ്രതിനിധികള്‍ ചോദിച്ചു. പോലീസ് പ്രവര്‍ത്തിച്ചത് ബിജെപിക്കും ആര്‍എസ്എസിനും വേണ്ടിയാണെന്നും സർക്കാരിന്റെ നല്ല പ്രവർത്തനങ്ങൾക്ക് മങ്ങലേൽപ്പിച്ചുവെന്നും വിമര്‍ശനം ഉയര്‍ന്നു.
സിപിഐയുടെ ചരിത്രത്തിലെ ഏറ്റവും ദുർബലമായ രാഷ്ട്രീയ റിപ്പോർട്ടാണ് ആലപ്പുഴ സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ടെന്ന വിമർശനം ഉയർന്നു കഴിഞ്ഞു.