ശബരിമലയിൽനിന്നു സ്വർണപ്പാളി കൊണ്ടുപോയത് നടപടിക്രമങ്ങൾ പാലിച്ച്: ദേവസ്വം ബോർഡ് പ്രസിഡന്റ്
Thursday, September 11, 2025 11:29 AM IST
തിരുവനന്തപുരം: ശബരിമലയില്‍നിന്നു ചെന്നൈയിലേക്ക് സ്വര്‍ണപ്പാളി കൊണ്ടുപോയത് നടപടിക്രമം പാലിച്ചാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്.
സാങ്കേതിക പ്രശ്നത്തിന്റെ പേരില്‍ ബോര്‍ഡ് പഴി കേള്‍ക്കുകയാണ്. ദേവസ്വം തന്ത്രിയുടെ നിര്‍ദേശാനുസരണമാണ് സ്വര്‍ണപ്പാളി ഇളക്കിമാറ്റി ചെന്നൈയിലേക്ക് കൊണ്ട് പോയത്. ദേവസ്വം ബോര്‍ഡ് തെറ്റ് ചെയ്തെന്ന മട്ടിലാണ് പ്രചാരണം. ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപാളികള്‍ ചെന്നൈയില്‍ എത്തിച്ചതിനെത്തുടര്‍ന്ന് ഇലക്ട്രോ പ്ലേറ്റിംഗ് തുടങ്ങിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ സ്വര്‍ണപാളികള്‍ തിരികെ എത്തിക്കണമെന്ന ദേവസ്വം ബഞ്ചിന്റെ ഉത്തരവ് പാലിക്കാനാകില്ല. ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തും. അതിനായി ഹൈക്കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം ബഞ്ചിന്റെ അനുമതിയില്ലാതെ ശബരിമലയില്‍ നിന്നം സ്വര്‍ണപ്പാളികള്‍ ചെന്നൈയിലേക്ക് കൊണ്ടുപോയത് അനുമതി വാങ്ങാതെയാണെന്ന് കോടതി കണ്ടെത്തി. അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയ സ്വര്‍ണം തിരികെ എത്തിക്കാനും കോടതി ഉത്തരവിട്ടിരുന്നു.
ആചാരങ്ങള്‍ പാലിക്കാനാണ് ബോര്‍ഡ് ശ്രമിച്ചത്. ആഗോള അയ്യപ്പസംഗമത്തില്‍ ആശയക്കുഴപ്പമില്ല. വെര്‍ച്യുല്‍ ക്യൂവിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കൂട്ടിച്ചേർത്തു.